സന്ന്യാസിനിയെ മൽസരിപ്പിച്ച് കോൺഗ്രസ്; മട്ടിലും ഭാവത്തിലും മറ്റൊരു ഉമാഭാരതി?; പുതുനീക്കം

മധ്യപ്രദേശിൽ ശക്തി കാണിക്കുക എന്നത് കോൺഗ്രസിന്റെ അഭിമാനത്തിന്റെ കൂടി പ്രശ്നമാണ്. ബിജെപിയ്ക്ക് മറുപടി എന്നതിലുപരി ജ്യോതിരാദിത്യ സിന്ധ്യയെ പാഠം പഠിപ്പിക്കുക എന്നതാണ് കമൽനാഥിന്റെ ലക്ഷ്യം. ഇതിനായി എല്ലാ വശങ്ങളും പരിശോധിച്ചാണ് കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ചത്. 28 സീറ്റുകളിലേക്കാണ് നവംബർ മൂന്നിന് ഉപതിരഞ്ഞെടുപ്പ്. 230 അംഗ നിയമസഭയിൽ ബിജെപിക്ക് 107, കോൺഗ്രസിന് 88 എന്നിങ്ങനെയാണ് അംഗബലം. നാലു സ്വതന്ത്രരും ബിഎസ്പിക്കും എസ്പിക്കും ഓരോ അംഗങ്ങൾ വീതവും ഉണ്ട്. കോൺഗ്രസിൽനിന്നെത്തിയ 25 എംഎൽഎമാർക്ക് ബിജെപി ടിക്കറ്റ് നൽകിയപ്പോൾ ജാതി സമവാക്യങ്ങളും സർവേകളും നടത്തി കണക്കുകൂട്ടിയശേഷമാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

ഇക്കൂട്ടത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ കാണാത്ത അപൂർവമായ ഒരു സ്ഥനാർഥിയുണ്ട്. മൽഹര മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഒരു സന്ന്യാസിനിയാണ്. 34കാരിയായ സാധ്വി റാം സിയ ഭാരതി.  ബിജെപിയെ നേരിടാൻ കോൺഗ്രസ്  മൃദു ഹിന്ദുത്വം പരീക്ഷിക്കുകയാണ് എന്ന ആരോപണങ്ങൾക്കു ശക്തി പകർന്നാണ് ഈ ഉപതിരഞ്ഞെടുപ്പിൽ മൽഹരയിൽ സാധ്വി റാം സിയ ഭാരതിയെ നിർത്തിയിരിക്കുന്നതും. വളരെ ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാനത്ത് കോൺ‍ഗ്രസ് ഒരു ഉമാ ഭാരതിയെ കണ്ടെത്തിയെന്നാണ് വിലയിരുത്തലുകൾ.

ലോധി വിഭാഗത്തിലെ ശക്തയായ നേതാവാണ് മധ്യപ്രദേശിന്റെ മുൻ‍മുഖ്യമന്ത്രികൂടിയായ ഉമാഭാരതി. മൽഹരയിലെ കോൺഗ്രസിന്റെ സ്ഥാനാർഥിയായ റാം സിയ ഭാരതിയും ലോധി വിഭാഗത്തിൽനിന്നുള്ളയാളാണ്.ജ്യോതിരാദിത്യ സിന്ധ്യയുമായി അടുപ്പമുണ്ടായിരുന്നു റാം സിയ ഭാരതിക്ക്. പക്ഷേ, സിന്ധ്യ ബിജെപി വഴി തേടിയപ്പോൾ ഇവർ കോൺഗ്രസിൽത്തന്നെ ഉറച്ചുനിന്നു.

ടികാംഗഢ് ജില്ലയിലെ അത്രാർ ഗ്രാമത്തിൽ ജനിച്ച റാം സിയ ഭാരതിയെ കുട്ടികളില്ലാതിരുന്ന അമ്മയുടെ സഹോദരി മൂന്നാം വയസ്സിൽ ദത്തെടുക്കുകയായിരുന്നു. ചെറുപ്പം മുതലേ മതപഠനത്തിൽ ആകൃഷ്ടയായിരുന്ന അവർ മതപുസ്തകങ്ങളിൽ വളരെ ചെറുപ്പത്തിലേ താൽപര്യം കാണിച്ചു. എട്ടാം വയസ്സിൽ സന്യാസിനിയായി. നിലവിൽ മൽഹരയ്ക്കു സമീപം ബഹ്മനി ഘട്ടിലെ സ്വന്തം ആശ്രമത്തിലാണ് അവർ ജീവിക്കുന്നത്.