240 ജെഡിഎസ് നേതാക്കൾ കോൺഗ്രസിൽ; ഉപതിരഞ്ഞെടുപ്പിൽ ഡികെ കളിക്കുന്നു

സഖ്യസർക്കാരിനെ താഴെയിറക്കി കർണാടകയിൽ ബിജെപി ഭരണം നേടിയതിന് പിന്നാലെ കോൺഗ്രസ്–ജെഡിഎസ് ബന്ധവും തകർന്നിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ കടുത്ത ശ്രമങ്ങളാണ് നടത്തുന്നത്. ഇതിന് പിന്നാലെ രാജരാജേശ്വരി നഗറിലെ 240 ജെഡിഎസ് പ്രവര്‍ത്തകരും നേതാക്കളും അടങ്ങുന്ന സംഘം കോൺഗ്രസിൽ ചേർന്നു. യൂണിറ്റ് പ്രസിഡന്റ് ബേട്ടാസ്വാമി ഗൗഡ അടക്കമുള്ളവരെയാണ് കോണ്‍ഗ്രസ് പാളത്തിലെത്തിച്ചത്.

നവംബറിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയാണ് കോൺഗ്രസ് നീക്കം. ഇതോടെ രാജേശ്വരി നഗറിൽ കോൺഗ്രസിന് പ്രതീക്ഷ ഏറുകയാണ്. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസും ഡികെ ശിവകുമാറും നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ ജെഡിഎസ് ക്യാംപിൽ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. വൊക്കലിംഗ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാക്കുന്നതും പ്രാദേശിക പാര്‍ട്ടികളെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചുമാണ് ഡികെ മുന്നേറുന്നത്. ബിജെപിക്ക് ഉള്ളിൽ തന്നെ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയ്ക്കെതിരെ ഉയരുന്ന വിമത സ്വരങ്ങളും അഴിമതി ആരോപണങ്ങളും ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.