മുഖ്യമന്ത്രിയാകില്ല, യോഗ്യനെ ഇരുത്തുമെന്ന് അന്ന് രജനി; ഇന്ന് കമൽ മുഖ്യമന്ത്രി സ്ഥാനാർഥി

കമൽഹാസനെ മക്കൾ  നീതി  മയ്യത്തിന്റെ മുഖ്യമന്ത്രി  സ്ഥാനാർഥി ആയി തിരഞ്ഞെടുത്തതിന് പിന്നാലെ തമിഴക രാഷ്ട്രീയത്തിൽ പഴയ ചർച്ച വീണ്ടും സജീവമാകുന്നു. സിനിമാ ജീവിതത്തിന്റെ  തുടക്കത്തിലെന്നപോലെ കമൽഹാസനും രജനികാന്തും രാഷ്ട്രീയത്തിലും ഒരുമിച്ചിറങ്ങുമോ എന്ന ചോദ്യമാണ് ഉയരുന്നത്. രജനി മുൻപ് നടത്തിയ പ്രസ്ഥാവനയാണ് ഇതിന് കാരണം.

പാർട്ടി തുടങ്ങിയാലും താൻ മുഖ്യമന്ത്രിയാകാനില്ലെന്നും യോഗ്യനായ ആളെ ആ കസേരയിലിരുത്തുകയാണു ലക്ഷ്യമെന്നും രജനി പ്രഖ്യാപിച്ചിരുന്നു. ഇത് കമലിനെ മുഖ്യമന്ത്രിയാക്കി കൊണ്ട് ഇരുവരും ഒരുമിച്ചുള്ള നീക്കത്തിന്റെ തുടക്കമാണോ എന്നാണ് ഇപ്പോഴത്തെ ചർച്ച. ലോക്സഭാ തിരഞ്ഞെടുപ്പിൽ 3.77% വോട്ടു നേടിയ മക്കൾ നീതി മയ്യം ചെന്നൈയും കോയമ്പത്തൂരുമുൾപ്പെടെ നഗര മേഖലയിൽ കരുത്തു കാട്ടിയിരുന്നു.

ഡിഎംകെ, അണ്ണാഡിഎംകെ മുന്നണിയിൽ അതൃപ്തരായ ചെറു കക്ഷികളേയും മക്കൾ നീതി മയ്യം ലക്ഷ്യമിടുന്നുണ്ട്. സഖ്യ കക്ഷികളുടെ കാര്യത്തിൽ കൂടി തീരുമാനമായ ശേഷമായിരിക്കും പാർട്ടി മത്സരിക്കുന്ന സീറ്റുകൾ തിരഞ്ഞെടുക്കുക.