ജിഡിപി കൂപ്പുകുത്തും; ഇന്ത്യയെ കാത്ത് വൻ സാമ്പത്തിക ആഘാതം: ഐഎംഎഫ്

പ്രതീകാത്മത ചിത്രം

ഇന്ത്യയെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക ആഘാതമെന്ന് ഐഎംഎഫിന്റെ റിപ്പോർട്ട്. ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉൽപാദനം) 10.3 ശതമാനത്തോളം ചുരുങ്ങുമെന്നും ബംഗ്ലാദേശിനെക്കാൾ താഴെ പോകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ചൊവ്വാഴ്ച പുറത്ത് വിട്ട വേൾഡ് ഇക്കണോമിക്ക് ഔട്ട്ലുക്കിലാണ് ഐഎംഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. 10.3 ശതമാനത്തോളം ഇടിയുന്നത് എല്ലാ മേഖലകളെയും ബാധിക്കുമെന്നും സാമ്പത്തിക ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. 

ഐഎംഎഫ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മോദി സർക്കാരിനെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ബംഗ്ലാദേശ് വരെ ഇന്ത്യയെ മറികടക്കുന്ന സ്ഥിതിയാക്കിയതാണ് ആറുവർഷത്തെ ബിജെപി സർക്കാരിന്റെ നേട്ടമെന്ന് അദ്ദേഹം പരിഹസിച്ചു. 

ബ്രസീലിന്റെ സമ്പദ് വ്യവസ്ഥ 5.8 ശതമാനവും റഷ്യയുടേത് 4.1 ശതമാനവും ദക്ഷിണാഫ്രിക്കയുടേത് 8.0 ശതമാനവും ചുരുങ്ങുമ്പോൾ ചൈനയുടേത് 1.9 ശതമാനം വളർച്ചയുണ്ടാക്കുമെന്നും ഐഎംഎഫ് റിപ്പോർട്ടിൽ പ്രവചിക്കുന്നു.