2021–22 സാമ്പത്തിക വർഷം ഇന്ത്യയു‌ടെ ജിഡിപി 8.7%; അവസാന പാദത്തിൽ 4.1%

2021-22 സാമ്പത്തിക വർഷം രാജ്യത്തിന്റെ ജിഡിപി 8.7 ശതമാനമായി ഉയർന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണമില്ലെന്ന് മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ ഇതുവരെയുള്ള ജിഎസ്ടി നഷ്ട പരിഹാരം പൂർണമായും നൽകാൻ ധനമന്ത്രാലയം തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ ഇൻഷൂറൻസ് പദ്ധതികളുടെ പ്രീമിയം വർധിപ്പിച്ചു.

2021-22ൽ ജിഡിപി 8.9 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാന പാദത്തിൽ വളർച്ച ഇടിഞ്ഞത് ക്ഷീണമായി. സാമ്പത്തിക വർഷം 8.7 ശതമാനം വളർച്ച നേടിയതായാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്ക്. മുൻവർഷം ജിഡിപി 6.6 ശതമാനമായിരുന്നു. മൂന്നാം പാദത്തിൽ 5.4 ശതമാനവും നാലാം പാദത്തിൽ 4.1 ശതമാനവുമാണ്. രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങളില്ലെന്നും അവസാനപാദത്തിലെ വളർച്ച കുറയാൻ കാരണം ഒമിക്രോൺ ഭീഷണിയാണെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ വ്യക്തമാക്കി. ധനക്കമ്മി 6.7 ശതമാനമാണ്. 

ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് ഇതുവരെ നൽകേണ്ട 86,912 കോടി രൂപ ധനമന്ത്രാലയം അനുവദിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ കുടിശികയായ 21,322 കോടി രൂപയും  നഷ്ടപരിഹാരത്തിലെ ബാക്കി തുകയായ 47,617 കോടിയുമാണ് അനുവദിച്ചത്. കേരളത്തിന് 5,693 കോടി രൂപ ലഭിക്കും. പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജനയുടെ പ്രീമിയം 330 രൂപയിൽ നിന്ന് 436 രൂപയാക്കി. പ്രധാനമന്ത്രി സുരക്ഷ ഭീമ യോജനയുടെ പ്രീമിയം 12ൽ നിന്ന് 20 രൂപയാക്കി. ഏഴുവർഷത്തിനിടെ ആദ്യമായാണ് പ്രീമിയം തുക ഉയർത്തുന്നത്.