തമിഴ്നാട്ടിൽ കോവിഡ് ഭേദമായവരെക്കുറിച്ചുള്ള പഠനം; കേരളത്തിനു ആശങ്ക

പ്രമേഹ രോഗികള്‍ ഏറ്റവും കൂടുതലുള്ള കേരളത്തിനു ആശങ്കയായി  തമിഴ്നാട്ടിലെ കോവിഡ് ഭേദമായവരെ കുറിച്ചുള്ള പഠനം. കോവിഡ് മുക്തരായ  പ്രമേഹ രോഗികളുടെ ആരോഗ്യനില കൂടുതല്‍ മോശമായി . കോവിഡ് ബാധിച്ചതോടെ  രക്തത്തിലെ പഞ്ചസാരയുടെയും സോഡിയത്തിന്റെയും അളവില്‍ 

വലിയ വര്‍ധനയുണ്ടായി. കോവിഡ് മുക്തരായവരില്‍  പ്രമേഹരോഗികളായവരുടെ  എണ്ണത്തിലും വര്‍ധനയുണ്ടായി.  പ്രമേഹവും ഹൃദ്രോഗവും  ഉള്ളവര്‍ക്കു പ്രത്യേക സുരക്ഷ ഒരുക്കണമെന്ന്  ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി,

ആറു ലക്ഷത്തിലധികം പേര്‍ക്കാണ് തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ചത്.ഇതില്‍  അഞ്ചര ലക്ഷം പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇവരില്‍ നടത്തിയ പഠനത്തിലാണ്  പുതിയ കണ്ടെത്തല്‍. പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വന്‍തോതില്‍ കൂടി. അവയവങ്ങളുടെ പ്രവര്‍ത്തനത്തെ 

പോലും ബാധിച്ചു. രോഗമുക്തരാവരില്‍ നടത്തിയ പരിശോധനയില്‍ പുതിയതായി പ്രമേഹം ബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. കൂടിയ തോതില്‍ ഇന്‍സിലിന്‍ ഉപയോഗിക്കേണ്ടവരുന്നതായി  സര്‍ക്കാര്‍ , സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ടു നല്‍കി. പ്രമേഹമോ,ഹൃദ്യോഗമോ ഉള്ളവരില്‍ കോവിഡ് ബാധ അതീവ ഗുരുതര സാഹചര്യമുണ്ടാക്കുമെന്നും  ഇത്തരക്കാര്‍ക്കു പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ഹൃദ്യോഗ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി

കോവിഡ് മുക്തരിലെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനും ചികില്‍സിക്കാനും പോസ്റ്റ് കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍  കേരളം ഉടന്‍ തുറക്കണമെന്നാണ്  ആരോഗ്യ വിദഗ്ധര്‍  നിര്‍ദേശിക്കുന്നത്.