എസ്പിബിക്ക് ഭാരതരത്ന നൽകണം; മോദിക്ക് കത്തെഴുതി ജഗൻ മോഹൻ

അന്തരിച്ച ഇതിഹാസ ഗായകൻ എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന് ഭാരതരത്ന നൽകണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ആന്ധ്രയിലെ നെല്ലൂരിലെ ഗ്രാമത്തിലാണ് എസ്പിബിയുടെ ജനനം. അരനൂറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ അദ്ദേഹം  കൈവരിച്ച നേട്ടങ്ങളും ചൂണ്ടിക്കാട്ടിയാണ് ആന്ധ്രയുടെ ആവശ്യം. 

പത്മശ്രീയും പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആറുതവണ നേടി. നടൻ, സംഗീത സംവിധായകൻ, ഡബ്ബിങ് ആർട്ടിസ്‌റ്റ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി പതിനാറു ഭാഷകളിലായി 40,000 ൽ അധികം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഇത്രയധികം ചലച്ചിത്രഗാനങ്ങൾ പാടിയ മറ്റൊരു ഗായകൻ ലോകത്തുണ്ടായിട്ടില്ല. ഏറ്റവുമധികം പാട്ടുകൾ റെക്കോർഡ് ചെയ്‌തതിന്റെ ഗിന്നസ് റെക്കോർഡ് എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന്റെ പേരിലാണ്. 

തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളുടെ ചലച്ചിത്ര പുരസ്കാരങ്ങൾ പല തവണ നേടിയിട്ടുണ്ട്. അമ്പതോളം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.