എഐയില്‍ എസ്.പി.ബിയുടെ ശബ്ദം സിനിമയില്‍; രോഷത്തോടെ കുടുംബം

അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ശബ്ദം അനുമതിയില്ലാതെ സിനിമയില്‍ ഉപയോഗിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി കുടുംബം രംഗത്ത്. കീട കോള എന്ന തെലുങ്ക് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ക്കെതിരെയാണ് കുടുംബം പരാതി നല്കിയത്. ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് അഥവാ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എസ്.പി.ബിയുടെ ശബ്ദം കീട കോളയ്ക്കായി പുനഃസൃഷ്ടിച്ചത്. ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ക്കെതിരെയും സംഗീതസംവിധായകന്‍ വിവേക് സാഗറിനെതിരെയുമാണ് എസ്.പി.ബിയുടെ കുടുംബം വക്കീല്‍ നോട്ടീസ് അയച്ചത്.

എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ മകന്‍ എസ്.പി കല്യാണ്‍ ചരണാണ് പരാതി നല്‍കിയിരിക്കുന്നത്. എസ്.പി.ബിയുടെ ശബ്ദത്തിന്‍റെ അനശ്വരത നിലനിര്‍ത്താന്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് കുടുംബത്തിന്‍റെ പിന്തുണയുണ്ടാകുമെന്നും എന്നാല്‍ വാണിജ്യ ആവശ്യങ്ങൾക്കായി കുടുംബത്തിന്‍റെ സമ്മതമോ അറിവോ ഇല്ലാതെ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തിയില്‍ തങ്ങള്‍ നിരാശരാണെന്നും എസ്.പി.ബിയുടെ കുടുംബം വ്യക്തമാക്കി. 

2023 നവംബര്‍ 28ന് ഒരു അഭിമുഖത്തിനിടെയാണ് കീട കോളയുടെ സംഗീത സംവിധായകന്‍ എഐ വഴി എസ്.പി.ബിയുടെ ശബ്ദം പുനഃസൃഷ്ടിച്ച വിവരം വെളിപ്പെടുത്തിയത്. എന്നാല്‍ ഈ വാര്‍ത്ത തങ്ങളെ ‍‍ഞെട്ടിച്ചെന്ന് മകന്‍ കല്യാണ്‍ ചരണ്‍ പറയുന്നു. കുടുംബത്തിന്‍റെ അനുമതി വാങ്ങാതെ വാണിജ്യ ആവശ്യങ്ങൾക്കായി ശബ്ദം പുനഃസൃഷ്ടിച്ചത് ശരിയല്ലെന്നും പ്രവണത തുടർന്നാൽ, അത് ഗായകരുടെ ഭാവിയെത്തന്നെ ബാധിക്കുമെന്നും കല്യാണ്‍ ചരണ്‍ ചൂണ്ടിക്കാട്ടി. എഐ പോലുളള സാങ്കേതിക വിദ്യ മനുഷ്യരാശിക്ക് പ്രയോജനപ്പെടണം, പക്ഷെ ആരുടെയെങ്കിലും ഉപജീവന മാര്‍ഗം അത് തടയരുത്. ഈ വിഷയത്തില്‍ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും കല്യാണ്‍ ചരണ്‍ ചൂണ്ടിക്കാട്ടി.

2024 ജനുവരി 18 നാണ് കീഡ കോളയുടെ നിർമ്മാതാവിനോടും സംഗീതസംവിധായകന്‍ വിവേക് സാഗറിനോടും ക്ഷമാപണം നടത്തണമെന്നും, നഷ്ടപരിഹാരം നല്‍കണമെന്നും, റോയൽറ്റി തുക പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം  വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

S P Balasubramaniam's Voice Recreated Through AI