ചൈനയ്ക്കുള്ള സന്ദേശം; ടിബറ്റൻ വംശജനായ ജവാന്റെ സംസ്കാരച്ചടങ്ങിൽ റാം മാധവ്

പാംഗോങ്ങിൽ വീരമൃത്യ വരിച്ച ടിബറ്റൻ വംശജനായ ന്യിമ ടെൻസിന് ആദരാജ്ഞലി അർപ്പിക്കുന്ന ബിജെപി നേതാവ് റാം മാധവ്. ചിത്രം: ട്വിറ്റർ

ലഡാക്കിലെ തെക്കൻ പാംഗോങ്ങിൽ ചൈനീസ് അധിനിവേശത്തിനെതിരെ നടപടിയെടുക്കവെ മൈൻ പൊട്ടി വീരമൃത്യു വരിച്ച സൈനികന്റെ സംസ്കാരം നടത്തി. ടിബറ്റൻ വംശജനായ ന്യിമ ടെൻസിൻ ആണ് മരിച്ചത്. ഇന്ത്യയുടെ രഹസ്യ സേനയായ സ്പെഷൽ ഫ്രോണ്ടിയർ ഫോഴ്സ് (എസ്എഫ്എഫ്) അംഗം ആയിരുന്നു ടെൻസിൻ. വികാസ് ബറ്റാലിയൻ എന്നും ഈ സേന അറിയപ്പെടുന്നു. ഇന്ത്യൻ സൈന്യത്തിനും ടിബറ്റൻ സമൂഹത്തിനുമൊപ്പം ബിജെപി നേതാവ് റാം മാധവും ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിന്റെ ചിത്രങ്ങൾ റാം മാധവ് ട്വീറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് നീക്കം ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ സാന്നിധ്യം രാജ്യം എത്രത്തോളം പ്രാധാന്യമാണ് ചടങ്ങിന് നൽകുന്നതെന്ന സന്ദേശം ചൈനയ്ക്കു നൽകുന്നതാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.