'യുപി സർക്കാർ വേട്ടയാടുമെന്ന് ഭയം'; പ്രിയങ്കയുടെ ഉറപ്പിൽ രാജസ്ഥാനിലേക്ക് കഫീൽ ഖാൻ

പ്രിയങ്കയുടെ ഉറപ്പിൽ രാജസ്ഥാനിലേക്ക് താമസം മാറുകയാണെന്ന് ഡോക്ടർ കഫീൽ ഖാൻ. യുപി സർക്കാൻ ഇനിയും തന്നെയും കുടുംബത്തെയും വേട്ടയാടുമെന്ന ഭയമുള്ളതുകൊണ്ടാണ് ഈ തീരുമാനമെന്നും കഫീൽ ഖാൻ പറഞ്ഞു.  പ്രിയങ്ക ഗാന്ധി വിളിച്ചിരുന്നുവെന്നും രാജസ്ഥാനിൽ സുരക്ഷിതമായ ഇടം തരാമെന്ന് ഉറപ്പ് നൽകി. യുപി സർക്കാൻ ഇനിയും തന്നെ കള്ളക്കേസിൽ കുടുക്കുമോയെന്ന ഭയമുണ്ടെന്നും അതിനാൽ യുപിയേക്കാൾ സുരക്ഷിതം രാജസ്ഥാനായിരിക്കുമെന്നും കഫീൽ ഖാൻ പറയുന്നു. തന്റെ ഭാര്യയോടും അമ്മയോടും പ്രിയങ്ക ഗാന്ധി സംസാരിച്ചെന്നും യുപി സർക്കാൻ ഇനിയും കേസ് ചുമത്താനുള്ള സാധ്യത അവരെ ബോധ്യപ്പെടുത്തിയെന്നും കഫീൽ ഖാൻ വെളിപ്പെടുത്തി. 

 കോടതി ഉത്തരവ് അനുസരിച്ച് ചൊവ്വാഴ്ച അർധരാത്രിയോടെയാണ് മഥുര ജയിലിൽ നിന്ന് ഡോ. ഖാൻ മോചിതനായത്. ‍അദ്ദേഹത്തെ ദേശസുരക്ഷാ നിയമം അനുസരിച്ച് ജയിലിലടച്ചത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയ അലഹാബാദ് ഹൈക്കോടതി ജില്ലാ മജിസ്ട്രേട്ടിന്റെ നടപടിയെ വിമർശിക്കുകയും ഉടൻ മോചിപ്പിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. 

ഗോരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജിൽ 2017 ൽ കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ വിമർശിച്ചതിനാൽ സർക്കാർ തന്നെ വേട്ടയാടുകയാണെന്നും താനും കുടുംബവും കഷ്ടപ്പാടുകൾ സഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.