മഹാപ്രളയം; റോഡിൽ തളർന്നുറങ്ങി കാണ്ടാമൃഗം; സുരക്ഷയൊരുക്കി നാടും സേനയും

അസം ഇത്തവണയും കനത്ത പ്രളയത്തിൽ മുങ്ങുകയാണ്. കാസിരംഗ ദേശീയ പാർക്കിന്റെ 95 ശതമാനവും വെള്ളത്തിനടിയിലായി. നൂറു കണക്കിന് വന്യമൃഗങ്ങളാണ് ഇവിടെ നിന്നു പലായനം ചെയ്യുന്നത്. ഇക്കൂട്ടത്തിൽ തളർന്ന് അവശനായ ഒരു കാണ്ടാമൃഗത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

ദേശീയ പാത 37ൽ എത്തിയ കാണ്ടാമൃഗം തളർന്ന് റോഡിൽ തന്നെ കിടന്ന് ഉറങ്ങി. ഇതോടെ കാണ്ടാമൃഗത്തിന് ശല്യമാകാത്ത വിധത്തിൽ വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥർ കാവലൊരുക്കി. കഴിഞ്ഞ ദിവസങ്ങളിലൊക്കെ പ്രളയ ജലത്തിൽ നീന്തിയെത്തുന്ന മാനുകളുടെയും കാണ്ടാമൃഗങ്ങളുടെയുമൊക്കെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

13 നദികളും അവയുടെ ഉപനദികളും കരകവിഞ്ഞൊഴുകുകയാണ്. കനത്ത പ്രളയത്തിൽ 76 മൃഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. നൂറോളം മൃഗങ്ങളെ രക്ഷപെടുത്തിയതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. ദേശീയ പാർക്ക് ഉൾപ്പെടുന്ന 430 സ്വകയർ കിലോമീറ്ററോളം വെള്ളത്തിനടിയിലായി. അടുത്ത ഗ്രാമങ്ങളിലേക്ക് നിരവധി മൃഗങ്ങളാണ് അഭയം തേടിയെത്തിയിരിക്കുന്നത്.മൃഗങ്ങൾ സുരക്ഷിതമായ ഇടം തേടി ദേശീയപാതകളിലൂടെ സഞ്ചരിക്കുന്നതിനാൽ ഇവിടെ ഗതാഗത നിയന്ത്രണവുമുണ്ട്.