ഞങ്ങള്‍ കോണ്‍ഗ്രസ് പോരാളികള്‍; ബിജെപി പ്രവേശം തള്ളി എംഎല്‍എമാര്‍

രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ ശക്തമാണെന്നും ആരും ബിജെപിയിലേക്ക് പോയിട്ടില്ലെന്നും വ്യക്തമാക്കി സംസ്ഥാന നേതൃത്വം രംഗത്ത്. ജയ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് ഒറ്റക്കെട്ടാണെന്ന് നേതൃത്വം വ്യക്തമാക്കിയത്. 

രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുമായി രാവിലെ ഡൽഹിയിലെത്തിയത് വലിയ ചർച്ചയായിരുന്നു. സച്ചിൻ പൈലറ്റുമായി ഡൽഹിയിലെത്തിയ എംഎൽഎമാരിൽ മൂന്നു പേർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഡൽഹി സന്ദർശനം വ്യക്തപരമാണെന്നാണ് ഇവരുടെ വാദം. ഞങ്ങൾ യഥാർഥ കോൺഗ്രസ് പോരാളികളാെണന്നും പാർട്ടിക്കൊപ്പം ആണെന്നും എംഎൽഎമാർ പറഞ്ഞു.

ഗെലോട്ട് തന്നെ ഒതുക്കാൻ ശ്രമിക്കുന്നതായി സച്ചിൻസോണിയയുടെ വിശ്വസ്തനും മുതിർന്ന നേതാവുമായ അഹമ്മദ് പട്ടേലിനോട് പറഞ്ഞിരുന്നു. എന്നാൽ സച്ചിനുനേരെ ഒരു നീതികേടും ഉണ്ടാവില്ലെന്ന ഉറപ്പ് പട്ടേൽ നൽകിയെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഗെലോട്ടും പൈലറ്റും തമ്മിലുണ്ടാകുന്ന അസ്വാരസ്യങ്ങളിൽ കോൺഗ്രസ് നേതൃത്വം അങ്കലാപ്പിലാണ്. സമാന സാഹചര്യമാണു മധ്യപ്രദേശിലുണ്ടായത്. സർക്കാരിനെ അട്ടിമറിച്ച് ബിജെപിയുടെ കൈപിടിക്കാൻ ജ്യോതിരാദിത്യ സിന്ധ്യയെ പ്രേരിപ്പിച്ചതു കമൽനാഥുമായുള്ള അഭിപ്രായവ്യത്യാസമാണ്.

സച്ചിൻ പൈലറ്റ് ഡൽഹിയിലെത്തിയതു തന്നെ പിന്തുണയ്ക്കുന്ന 23 എംഎൽഎമാരുമായി ആണെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൈലറ്റിനെ അനുകൂലിക്കുന്ന 16 എംഎൽഎമാരും മൂന്നു സ്വതന്ത്ര എംഎൽഎമാരും ഇന്നലെ തന്നെ ഡൽഹിയിൽ എത്തിയിരുന്നു. അതേസമയം, ഗെലോട്ടും പൈലറ്റും തമ്മിലുള്ള ‘ഈഗോ ക്ലാഷ്’ ആണിതെന്നാണു പാർട്ടിയിലെ മുതിർന്നവർ വിലയിരുത്തുന്നത്. ‘ക്ഷമ കാണിക്കണമെന്നും ഭാവി കളയരുതെന്നും’ ഈ സംഘം പൈലറ്റിനോട് ആവശ്യപ്പെട്ടു.