കോവിഡ് ബാധിതരായ കുട്ടികളില്‍ കാവാസാക്കി രോഗലക്ഷണം; മരണസാധ്യത വര്‍ധിപ്പിക്കും: ആശങ്ക

കോവിഡ് ബാധിതരായ കുട്ടികളില്‍ രാജ്യത്ത് ആദ്യമായി കാവാസാക്കി രോഗലക്ഷണങ്ങള്‍ കണ്ടെത്തി. മുംബൈയില്‍ കോവിഡ് പോസിറ്റീവായ കുട്ടിയെ കാവാസാക്കി ലക്ഷണങ്ങളെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. കുട്ടികളില്‍ ഹൃദയാഘാതത്തിന് കാരണമാകുന്ന രോഗമാണിത്.  

1976 ജപ്പാനിലാണ് ആദ്യമായി കാവാസാക്കി രോഗം കണ്ടെത്തുന്നത്. രോഗബാധിതരാകുന്ന കുട്ടികളുടെ രക്തത്തിലുണ്ടാക്കുന്ന ആന്‍റിജന്‍ കോംപ്ലക്ലസുകള്‍ രക്തക്കുഴലുകളെ തകരാറിലാക്കും. ഹൃദയധമനിയിലെയും രക്തകുഴലുകളിലെയും തടസം ഹൃദയാഘാതത്തിലേക്ക് നയിക്കും.  ചികില്‍സ ലഭ്യമാണെങ്കിലും കോവിഡ് ബാധിതരായ കുട്ടികളിലെ കാവാസാക്കി രോഗബാധ മരണസാധ്യത വര്‍ധിപ്പിക്കുന്നു. 

30 ദിവസമായ കുഞ്ഞുങ്ങളില്‍ മുതല്‍ 20 വയസ് വരെയുള്ള കൗമാരക്കാരിലാണ് രോഗം കണ്ടുവരുന്നത്. അമേരിക്ക, ചൈന, ജപ്പാന്‍, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലാണ് കോവിഡിനൊപ്പം കാവാസാക്കി റിപ്പോര്‍ട്ട് ചെയ്‍തത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്‍ച കോവിഡ് പോസിറ്റീവായി ഐസോലേറ്റ് ചെയ്‍ത പതിനാലുക്കാരിയെ കാവാസാക്കി ലക്ഷണങ്ങള്‍ വര്‍ധിച്ചതോടെ ഐസിയുവിലേക്ക് മാറ്റി. അഞ്ച് ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന കടുത്തപനി, കണ്ണുകള്‍, ചുണ്ടുകള്‍, കൈപ്പത്തി എന്നിവടങ്ങളിലെ ചുവന്നനിറം, ശരീരത്തില്‍ പാടുകള്‍, തടിപ്പ്  ചുണ്ടുകള്‍ വരണ്ട് പൊട്ടുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. എന്നാല്‍, രോഗകാരണം ഇന്നും വൈദ്യശാസ്ത്രത്തിന് അജ്ഞാതമാണ്.