‘കഠിനപ്രയത്നം; 85,000 പേരെ രക്ഷിക്കാനായി’; യോഗിയെ അഭിനന്ദിച്ച് മോദി

കോവിഡിനെ നേരിടുന്നതിൽ ഉത്തർപ്രദേശ് സർക്കാരിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശ് ലോകത്തെ പല രാജ്യങ്ങളെക്കാളും വലുതാണ്. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ കഠിന പ്രയത്നമാണ് നടത്തുന്നത്. 85,000 പേരെ ഇതിലൂടെ രക്ഷിക്കാൻ കഴിഞ്ഞെന്നും മോദി പറഞ്ഞു. യുപി സര്‍ക്കാരിന്റെ തൊഴില്‍പദ്ധതിയായ ആത്മനിര്‍ഭര്‍ യുപി റോസ്ഗാര്‍ യോജന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ലോക്ഡൗൺ ഇളവുകൾ തുടരുന്നതിനിടെ രാജ്യത്ത് കോവി‍ഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 407 പേർ മരിച്ചു. 1,89,463 ആക്ടീവ് കേസുകൾ അടക്കം 4,90,401 പേർക്കാണു കോവിഡ് ബാധിച്ചിരിക്കുന്നത്. 2,85,637 പേർ രോഗവിമുക്തരായി. 15,301 പേരാണ് ഇന്ത്യയിൽ ഇതുവരെ മരിച്ചത്.

ജൂൺ 25 വരെ 77,76,228 സാംപിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 2,15,446 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആർ പറഞ്ഞു. അതേസമയം, കോവിഡ് രോഗികളുടെ എണ്ണത്തിൽ ആദ്യ സ്ഥാനത്താണിപ്പോൾ ഡൽഹി. ബുധനാഴ്ച 3788 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ ആകെ രോഗികളുടെ എണ്ണം 70,390 ആയി. മുംബൈയെക്കാൾ 862 പേർ കൂടുതൽ. പക്ഷേ, മരണത്തിൽ മുംബൈ തന്നെയാണ് ഒന്നാമത് – 3964 പേർ. ഡൽഹിയിൽ മരിച്ചതു 2365 പേർ.