ചൈനയ്ക്ക് ജിയോയുടെ പണി; ‘ക്ലീൻ ടെൽകോസ്’ പട്ടികയിലിടം നേടി; യുഎസ് പിന്തുണ

ഇന്ത്യാ–ചൈന അതിര്‍ത്തി സംഘർഷത്തോടെ ചൈനീസ് ഉൽപ്പന്നങ്ങൾക്കെതിരായ പ്രതിഷേധവും ശക്തമാവുകയാണ്. മിക്ക കമ്പനികളും ചൈനീസ് സേവനങ്ങളും ഉൽപ്പന്നങ്ങളും ഉപേക്ഷിക്കാൻ  തീരുമാനിച്ചിരിക്കുന്നു. ഇതിനിടെ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയും ചൈനീസ് ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാൻ തീരുമാനിച്ചു.  അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബുധനാഴ്ച റിലയൻസ് ജിയോയെ വാവെയ് പോലുള്ള ചൈനീസ് കമ്പനികളുമായി ബിസിനസ്സ് ചെയ്യുന്നത് ഒഴിവാക്കിയ ലോകത്തെ ‘ക്ലീൻ ടെൽകോസ്’ പട്ടികയിൽ ഉൾപ്പെടുത്തി.

വിവിധ രാജ്യങ്ങളിൽ 5ജി നടപ്പിലാക്കായി വാവെയ് ആണ് മുന്നിട്ടിറങ്ങുന്നത്. എന്നാൽ, ലോകത്തെ പ്രമുഖ ടെലികോം കമ്പനികളായ ടെലിഫോണിക്ക, ഓറഞ്ച്, ജിയോ, ടെൽസ്ട്ര, കൂടാതെ മറ്റു ചില കമ്പനികളും 'ക്ലീൻ ടെൽകോസ്' ആയി മാറുന്നു. സിസിപി നിരീക്ഷണത്തിനുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ബിസിനസ് ചെയ്യുന്നത് അവർ നിരസിക്കുന്നു’ – പോംപിയോ ട്വീറ്റിൽ പറഞ്ഞു.

ചൈനീസ് കമ്പനിയെ ഉപേക്ഷിക്കാൻ തയാറായ ജിയോയെ ഡൊണാൾഡ് ട്രംപും പ്രശംസിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ട്രംപ് അംബാനിയോട് ചോദിച്ചു: ‘നിങ്ങൾ 4ജി നടപ്പിലാക്കി. ഇനി 5ജി ചെയ്യാൻ പോവുകയാണോ?’. മറുപടിയായി അംബാനി പറഞ്ഞത്, 5ജി ട്രയലുകൾക്കായി ഒരു ചൈനീസ് ഉപകരണ നിർമാതാക്കളില്ലാത്ത ലോകത്തിലെ ഏക നെറ്റ്‌വർക്ക് റിലയൻസ് ജിയോയാണ് എന്നാണ്. ഇതിനോട് ട്രംപ് പ്രതികരിച്ചത്: ‘അത് നല്ലതാണ്!’ എന്നായിരുന്നു. രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റർ റിലയൻസ് ജിയോ സാംസങ്ങിനെപ്പോലുള്ള ചൈനീസ് ഇതര ഉപകരണ നിർമാതാക്കളുമായി മാത്രമേ പങ്കാളിത്തമുള്ളൂ.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും സർക്കാരിനെയും നിശിതമായി വിമർശിക്കുന്നുണ്ട്. അമേരിക്കൻ ജനതയുടെ സുരക്ഷയെ അപകടത്തിലാക്കുന്ന രീതിയിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പെരുമാറുന്നത്. ഈ ഭീഷണിയെ ട്രംപ് ഭരണകൂടം ഗൗരവമായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19 മഹാമാരിക്കെതിരെ പോരാടുന്നതിൽ ചൈന ലോകത്തിനു നൽകിയ സംഭാവനകൾ വളരെ തുച്ഛമാണെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

ചില രാജ്യങ്ങൾ വാവെയെ സുരക്ഷാ ഭീഷണി എന്ന് പറഞ്ഞ് ഒഴിവാക്കുന്നുണ്ട്. 5 ജി നെറ്റ്‌വർക്കിന്റെ കാര്യത്തിൽ ചില രാജ്യങ്ങൾക്ക് ചൈനീസ് കമ്പനികളായ വാവെയ് പോലുള്ളവരെ പങ്കെടുക്കാൻ അനുവദിക്കരുതെന്ന കാഴ്ചപ്പാടുണ്ട്. ചൈനീസ് കച്ചവടക്കാർക്കെതിരെ ഇന്ത്യ കടുത്ത നടപടി സ്വീകരിക്കുന്നുണ്ട്.