മോദി അൺലോക്ക് ചെയ്തത് ഇന്ധന വിലയും കോവിഡും; ഗ്രാഫുമായി രാഹുൽ ഗാന്ധി

കൊറോണയും പെട്രോൾ – ഡീസൽ വിലയുമാണു മോദി സർക്കാർ അൺലോക്ക് ചെയ്തതെന്ന് വിമർശിച്ച് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാജ്യത്തെ ഇന്ധനവില വർധനയിലും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിലും കേന്ദ്രസർക്കാരിനെ അദ്ദേഹം വിമർശിച്ചത്. ഇന്ധനവിലവർധനയും കോവിഡ് രോഗികളുടെ എണ്ണത്തിലെ വർധനയും സൂചിപ്പിക്കുന്ന ഗ്രാഫും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുറഞ്ഞപ്പോള്‍ ഇന്ത്യയിൽ വർധനയാണുണ്ടായതെന്നു നേരത്തെയും രാഹുൽ ആരോപിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പുതിയ കേസുകളാണ് ഇന്ത്യയില്‍ റജിസ്റ്റർ ചെയ്തത്. 465 പേർ മരിക്കുകയും ചെയ്തു. 1,83,022 ആക്ടീവ് രോഗികളടക്കം 4,56,183 പേർക്കാണ് രോഗം ബാധിച്ചത്. 2,58,685 പേർ രോഗവിമുക്തി നേടി. 14,476 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.

തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഡീസല്‍വില കൂടിയിരുന്നു. അതേസമയം, പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഡീസലിന് ഇന്ന് ലീറ്ററിന് 45 പൈസയാണ് കൂടിയത്. കൊച്ചിയില്‍ ഒരു ലീറ്റര്‍ ഡീസലിന് 75.72 രൂപയായി. 18 ദിവസം കൊണ്ട് ഡീസലിന് 9.92 രൂപയാണ് കൂടിയത്.