‘രാമനിലും ‘ര’ ഉണ്ട്, രാഹുലിലും ‘ര’ ഉണ്ട്; പക്ഷേ ഞങ്ങൾ താരതമ്യം ചെയ്യില്ല’; കോൺഗ്രസ് നേതാവ്

‘രാഹുൽ ഗാന്ധിയുടെ പേരും ഭഗവാൻ ശ്രീരാമന്റെ പേരും ‘ര’ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത്. എന്നാൽ ഇത് ഉയർത്തി കാട്ടി പ്രചാരണം നടത്താൻ കോൺഗ്രസ് തയാറല്ല..’ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാന പട്ടോലെയുടെ വാക്കുകൾ ഇപ്പോൾ സൈബർ ഇടത്ത് വൈറലാണ്. മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഈ ഉദാഹരണം ചൂണ്ടിക്കാണിച്ചത്.

‘ഭഗവാൻ ശ്രീരാമന്റെ പേര് ‘ര’ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത്. രാഹുൽ ഗാന്ധിയുടെ പേരും അങ്ങനെ തന്നെ. ഇത് യാദൃശ്ചികമാണ്. പക്ഷേ ഞങ്ങൾ രാഹുലിനെ ശ്രീരാമനോട് താരതമ്യം ചെയ്യാറില്ല. എന്നാൽ ബിജെപി അവരുടെ നേതാക്കൾക്കായി അങ്ങനെ ചെയ്യുന്നു. രാഹുൽ ഒരു മനുഷ്യമാണ് രാജ്യത്തിന് വേണ്ടിയും മനുഷ്യത്വത്തിന് വേണ്ടിയും പ്രവർത്തിക്കുന്നു’ അദ്ദേഹം പറയുന്നു. 

രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഇപ്പോൾ ആന്ധ്രയിലൂടെ പുരോഗമിക്കുകയാണ്. ശ്രീരാമന്‍ അയോധ്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് കാൽനടയായി പോയിരുന്നു. അതിലും കൂടുതലാണ് രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കാശ്മീർ വരെ എത്തുന്നത് എന്ന് രാജസ്ഥാൻ മന്ത്രി പർസാദി ലാൽ മീണ ഇന്നലെ പറഞ്ഞിരുന്നു.