‘സവർക്കർക്ക് സ്റ്റൈപൻഡ് ഉണ്ടായിരുന്നു; ആർഎസ്സ്എസ്സ് ബ്രിട്ടീഷുകാരെ സഹായിച്ചു’; രാഹുൽ

രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ ആർഎസ്സ്എസ്സിന് ഒരു പങ്കുമില്ലെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ആർഎസ്സ്എസ്സിനെതിരെയും വി.ഡി സവർക്കർക്കെതിരെയും രാഹുലിന്റെ പരാമർശം. ‘ചരിത്രത്തെ കുറിച്ച് ‍ഞാൻ മനസ്സിലാക്കിയത് ആർഎസ്സ്എസ്സ് ബ്രിട്ടീഷുകാരെ സഹായിക്കുകയായിരുന്നു. വി.ഡി സവർക്കർ ബ്രിട്ടീഷുകാരിൽ നിന്നും സ്റ്റൈപൻഡും കൈപ്പറ്റിയിരുന്നു. അന്ന് ബിജെപി ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല. സ്വാതന്ത്ര്യസമരത്തിൽ അവർക്ക് ഒരു പങ്കുമില്ല’ അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ ഭാരത് ജോഡോ യാത്ര കർണാടകയിൽ എത്തിയതോടെ ബിജെപി–കോൺഗ്രസ് പോരും കടുക്കുകയാണ്. സവർക്കറുടെ പടം വച്ച ഫ്ലെക്സിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരമൊരു ഫ്ലെക്സ് കോൺഗ്രസ് പാർട്ടിയോ നേതാക്കളോ അണികളോ വച്ചിട്ടില്ലെന്നാണ് വിശദീകരണം. പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.