ഖർഗെയ്ക്ക് ഇടതും വലതുമായി സോണിയയും തരൂരും; ‘ജനാധിപത്യം സിന്ദാബാദ്’

പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ ഔദ്യോഗികമായി സ്ഥാനമേൽക്കുന്ന വേദിയിൽ ശശി തരൂരും. സോണിയാ ഗാന്ധിക്കൊപ്പം ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രവും കോൺഗ്രസിന്റെ ഔദ്യോഗിക പേജിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ജനാധിപത്യം സിന്ദാബാദ്’ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്. മല്ലികാർജുൻ ഖർഗെയുടെ ഇടതും വലതുമായി സോണിയയും തരൂരും ഇരിക്കുന്ന ചിത്രം ഇപ്പോൾ കോൺഗ്രസ് അനുകൂല പേജുകളിലും വൈറലാണ്. 

പരിചയ സമ്പന്നനായ നേതാവാണ് കോൺഗ്രസ് അധ്യക്ഷനായതെന്ന് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ സോണിയാ ഗാന്ധിയും പറഞ്ഞു. കോണ്‍ഗ്രസുകാര്‍ ഹൃദയം നിറഞ്ഞ് സ്നേഹിച്ചുവെന്നും എല്ലാവര്‍ക്കും നന്ദിയെന്നും അവര്‍ പറഞ്ഞു. രണ്ടു ഘട്ടങ്ങളിലായി 22 വർഷം കോൺഗ്രസിനെ നയിച്ചശേഷമാണ് സോണിയ ഗാന്ധി അധ്യക്ഷ പദവിയിൽനിന്ന് പടിയിറങ്ങുന്നത്. ഒക്ടോബർ 17ന് നടന്ന തിരഞ്ഞെടുപ്പിൽ ശശി തരൂരിനെയാണ് ഖർഗെ പരാജയപ്പെടുത്തിയത്. 24 വർഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ കോൺഗ്രസ് അധ്യക്ഷനാകുന്നത്.