ഇത്തവണ മാറിയത് ഭൂപടം; ബിജെപി പ്രതിഷേധത്തിൽ ചൈനയ്ക്ക് പകരം അമേരിക്ക

Image credit: Twitter

ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനു പകരം ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ കോലം കത്തിച്ച് മുദ്രാവാക്യം വിളിച്ച ബിജെപിയുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ അടുത്ത അബദ്ധവുമായി വൈറലാവുകയാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി പ്രതിഷേധം. ഇത്തവണ പ്രസിഡന്റ് ശരിയായപ്പോൾ ബാനറിൽ ഉപയോഗിച്ച ഭൂപടം അമേരിക്കയുടേതായി പോയി. 

ചൈനയ്ക്കെതിരെയുള്ള രോഷം പ്രകടിപ്പിക്കാനാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ചിത്രമെല്ലാം ബാനറിൽ ഉൾപ്പെടുത്തിയപ്പോൾ ബാനറിൽ ഉപയോഗിച്ച ഭൂപടം മാറിപ്പോയി. ചൈനയുടെ ഭൂപടത്തിന് പകരം അമേരിക്കയുടെ ഭൂപടമാണ് ബാനറിൽ ഇടം പിടിച്ചത്. ഇതിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഗെറ്റി ഇമേജസിന്റെ ഫോട്ടോഗ്രാഫറാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്.

ഇതിനിടെ, ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികരെ ചൈന അക്രമിച്ചത് ആസൂത്രിതമെന്ന് യു.എസ് ഇന്‍റലിജന്‍സ്.  ചൈനയുടെ വെസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡര്‍ ജനറല്‍ ചൗ സോന്‍കിയുടെ നിര്‍ദേശപ്രകാരമാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ സൈനികരെ അക്രമിച്ചത്.  ഇന്ത്യന്‍ സൈന്യം നടത്തിയ പ്രകോപനമാണ് ഗല്‍വാനില്‍ സംഘര്‍ഷമുണ്ടാക്കിയതെന്ന ചൈനയുടെ വാദത്തെ പൊളിക്കുന്നതാണ് യു.എസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.  അതേസമയം, അതിര്‍ത്തി സംഘര്‍ഷം നിയന്ത്രിക്കുന്നതിന് ഇന്ത്യ, ചൈന ജോയിന്‍റ് സെക്രട്ടറിമാര്‍ നടത്തുന്ന ചര്‍ച്ച തുടരുന്നു.