ഗുജറാത്തില്‍ അഭിഭാഷകര്‍ക്ക് മറ്റ് ജോലി ചെയ്യാം; തൊഴിൽ നഷ്ടം 75,000 പേർക്ക്

കോവിഡ് കാരണം കോടതികള്‍ നിശ്ചലമായ ഗുജറാത്തില്‍ അഭിഭാഷകര്‍ക്ക് മറ്റുജോലികള്‍ ചെയ്യാന്‍ അനുമതി. ഗുജറാത്ത് ബാര്‍ കൗണ്‍സിലിന്റേതാണ് തീരുമാനം. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ ഇത് നടപ്പാകും. മൂന്നുമാസത്തെ ലോക്ഡൗണും കോവിഡ‍് നിയന്ത്രണങ്ങളും കാരണം എഴുപത്തയ്യായിരം അഭിഭാഷകര്‍ക്കാണ് ഗുജറാത്തില്‍ തൊഴില്‍ നഷ്ടമായത്. പലരും കുടുംബം പോറ്റാന്‍ മാര്‍ഗമില്ലാത്തവര്‍. 

അഭിഭാഷക നിയമത്തിന്റെ മുപ്പത്തഞ്ചാം വകുപ്പനുസരിച്ച് പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ മറ്റുജോലികള്‍ ചെയ്യുന്നതിന് വിലക്കുണ്ട്. സൗഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഗുജറാത്ത് ബാര്‍ കൗണ്‍സില്‍ പ്രത്യേകയോഗം ചേര്‍ന്ന് പ്രശ്നത്തില്‍ പ്രമേയം അവതരിപ്പിച്ചു. അഭിഭാഷകനിയമത്തില്‍ ഡിസംബര്‍ മുപ്പത്തൊന്നുവരെ ഇളവുനല്‍കാനുള്ള പ്രമേയം ഐകകണ്ഠ്യേന പാസായി. ഈ കാലയളവില്‍ ഗുജറാത്തിലെ അഭിഭാഷകര്‍ക്ക് മറ്റ് ജോലികളില്‍ ഏര്‍പ്പെടുകയോ ബിസിനസ് സംരംഭങ്ങള്‍ നടത്തുകയോ ചെയ്യാം. 

അഭിഭാഷകവൃത്തിയുടെ അന്തസ്സിന് കോട്ടംവരാത്ത ജോലികളാകണം ചെയ്യേണ്ടന്ന് പ്രമേയം ആവശ്യപ്പെടുന്നു. കോവിഡ് പ്രതിസന്ധി കാരണം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അഭിഭാഷകര്‍ക്കുമാത്രമേ ഇളവ് ബാധകമാകൂ എന്നും കൗണ്‍സില്‍ വ്യക്തമാക്കി. ജില്ലാകോടതികളിലും കീഴ്ക്കോടതികളിലും ഓണ്‍ലൈന്‍ ഹിയറിങ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിക്ക് കത്തും നല്‍കി.