പൗരൻമാരോട് ഇന്ത്യ വിടാൻ ചൈന ആദ്യമേ പറഞ്ഞു; ആസൂത്രിതം; വെളിപ്പെടുത്തല്‍

അതിർത്തിയിലെ ചൈനീസ് പ്രകോപനത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് കായിക താരങ്ങൾ രംഗത്ത്. ഇതിനിടെ, ചൈനയുടെ ആക്രമണം ആസൂത്രിതമാണെന്ന ആരോപണവുമായി മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ രംഗത്തെത്തി. ആഴ്ചകൾക്കു മുൻപ് തങ്ങളുടെ പൗരൻമാരോട് ഇന്ത്യ വിടാൻ ചൈന നിർദ്ദേശിച്ചത് ആക്രമണം ആസൂത്രിതമാണെന്നതിന് തെളിവാണെന്നും ബൂട്ടിയ ചൂണ്ടിക്കാട്ടി.

''ചൈനയുടെ ഈ ഹീനകൃത്യത്തെ ശക്തമായി അപലപിക്കുന്നു. ചൈനയുടെ പ്രകോപനത്തിനു മുന്നിൽ മുട്ടുമടക്കാതെ കേന്ദ്ര സർക്കാർ ശക്തമായ തിരിച്ചടി നൽകണം'', ബൂട്ടിയ ട്വീറ്റ് ചെയ്തു

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും ധീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

'''നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനായി ഗൽവാൻ താഴ്‌വരയിൽ ജീവൻ വെടിഞ്ഞ ധീര സൈനികർക്ക് ബഹുമാനം, പ്രണാമം. ഒരു സൈനികനേക്കാൾ ധീരനും നിസ്വാർഥനുമായ വേറൊരാളില്ല. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. നമ്മുടെ പ്രാർഥനകൾ ഈ പ്രതിസന്ധി ഘട്ടത്തിൽ ആശ്വാസം കണ്ടെത്താൻ അവരെ സഹായിക്കുമെന്നാണ് എന്റെ പ്രതീക്ഷ'', വിരാട് കോലി ട്വിറ്ററിൽ കുറിച്ചു.

രോഹിത് ശർമ, ശിഖർ ധവാൻ, ഇർഫാൻ പഠാൻ, ഹർഭജൻ സിങ്, യുവരാജ് സിങ്, വിജയ് ശങ്കർ, ഇഷാന്ത് ശർമ, സൈന നെഹ്‍വാൾ, യോഗേശ്വർ ദത്ത് തുടങ്ങിയവരും ധീര സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് രംഗത്തെത്തി.