‘വീരുവിനെ തേടി ഗോൾഡിയുടെ 80 കി.മീ യാത്ര’; ആചാരങ്ങൾ തെറ്റിച്ച് വിവാഹത്തിനായി നടന്നു

ആചാരങ്ങളും നാട്ടുനടപ്പും എല്ലാം ലംഘിച്ച് ലോക്ഡൗണിന് ഇടയിൽ ഉത്തർപ്രദേശിൽ ഒരു വിവാഹം നടന്നു. ഇതിന് കാരണമായത് വധുവിന്റെ ഉറച്ച തീരുമാനം. 20 വയസുകാരി ഗോൾഡി എന്ന യുവതിയാണ് ജന്മദേശമായ കാണ്‍പൂരിൽ നിന്നും വരന്റെ നാടായ കനൗജിലേക്ക് 80 കിലോമിറ്റർ ഒറ്റയ്ക്ക് നടന്നാണ് വിവാഹത്തിനെത്തിയത്.  കൊറോണ വൈറസ് ഉയർത്തുന്ന ഭീഷണിയെ തുടർന്ന് വിവാഹം നീട്ടി വയ്ക്കേണ്ടി വന്നപ്പോഴായിരുന്നു ഉത്തർപ്രദേശിലെ നവവധുവിന്റെ സാഹസികത.

മെയ് നാലിനായിരുന്നു കാൺപൂർ സ്വദേശിയായ ഗോൾഡിയുടെയും കനൗജ് സ്വദേശിയായ വീരേന്ദ്ര കുമാർ റാഥോറിന്റെയും വിവാഹം അവസാനമായി നിശ്ചയിച്ചിരുന്നത്. ലോക്ഡൗണിനെ തുടർന്ന് ഇരുവരുടെയും വിവാഹം ഒരിക്കൽ മാറ്റിവച്ചതാണ്. എന്നാൽ അവസാനം തീരുമാനിച്ച മെയ് 9ലും വിവാഹം നടന്നില്ല. ലോക്ഡൗണ്‍ വീണ്ടും നീട്ടിയതായിരുന്നു കാരണം.

ഇതോടെ ഗോൾഡിയുടെ ക്ഷമ നശിച്ചു. അങ്ങനെ ഈ ആഴ്ച തുടക്കത്തിലാണ് പ്രിയതമനെ തേടി ഗോൾഡി തന്റെ യാത്ര തുടങ്ങിയത്. 80 കിലോമീറ്റർ കാൽനടയായാണ് അവൾ  കാൺപൂരിൽ നിന്നും കനൗജിലെത്തിയത്. അപ്രതീക്ഷിതമായി ഗോൾഡിയെ കണ്ട വരന്റെ വീട്ടുകാർ അമ്പരന്നു. സ്വന്തം വീട്ടുകാരോടു പോലും പറയാതെയാണ് ഗോൾഡി വീരുവിനെ തേടിയെത്തിയത്. മകൾ എവിടെ പോയി എന്നറിയാതെ അവളുടെ കുടുംബം തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് വീരുവിന്റെ പിതാവ് ഗോൾഡിയുടെ വീട്ടുകാരെ മകൾ വരന്റെ വീട്ടിൽ സുരക്ഷിതയായി എത്തിയിട്ടുണ്ടെന്ന് അറിയിച്ചു. 

വീരുവിന്റെ മാതാപിതാക്കൾ ഗോൾഡിയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്നായിരുന്നു അവളുടെ പ്രതികരണം. ഒടുവിൽ അവളുടെ ഇഷ്ടത്തിനു വഴങ്ങി വിവാഹം നടത്താൻ വീരുവിന്റെ മാതാപിതാക്കൾ നിർബന്ധിതരാകുകയായിരുന്നു.