കാത്തിരിപ്പിന് അവസാനം; ഇനി മടക്കം; മാലദ്വീപില്‍ നിന്നുള്ള ആദ്യ സംഘത്തിൽ 200ഓളം പേർ

ലോക്ഡൗണ്‍ മൂലം വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം ഒരഴ്ച്ചയ്ക്കകം ആരംഭിക്കും. മാലദ്വീപില്‍ നിന്ന് കൊച്ചിയിലേയ്ക്ക് കപ്പല്‍ മാര്‍ഗം ഇരുനൂറോളംപേരടങ്ങിയ ആദ്യ സംഘമെത്തും. ഒന്നരലക്ഷം ആളുകളാണ് യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ കര്‍ശന ഉപാധികളോടെ അടിയന്തര സ്വഭാവമുള്ളവരെ മാത്രമേ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി ഇന്ന് ചര്‍ച്ച നടത്തും.

ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, വിനോദ സഞ്ചാരത്തിനെത്തി കുടുങ്ങിയവര്‍, മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കേണ്ടവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരെ മുന്‍ഗണനാ ക്രമത്തില്‍ നാട്ടിലെത്തുമെന്നാണ് മാലദ്വീപിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചിട്ടുള്ളത്. കൊച്ചിയിലേയ്ക്ക് കപ്പല്‍ മാര്‍ഗം എത്തിക്കും. യാത്രക്കൂലി ഈടാക്കാന്‍ തല്‍ക്കാലം തീരുമാനമില്ല. മാലദ്വീപിലേയ്ക്ക് എത്തിച്ചേരാന്‍ കഴിയുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യാത്ര അനുവദിക്കും. കോവിഡ് രോഗമില്ലെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തും. യാത്രാ തീയതിയും മറ്റ് വിശദാംശങ്ങളും പ്രവാസികളെ ഇ മെയില്‍ വഴി അറിയിക്കും. നാല്‍പ്പത്തിയെട്ട് മണിക്കൂറാണ് യാത്ര സമയം. കാലവര്‍ഷത്തിന് മുന്‍പുള്ള സമയമായതിനാല്‍ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ട്. കൊച്ചിയിലെത്തിയാല്‍ 14 ദിവസം ക്വാറന്‍റീനില്‍ കഴിയണം. ക്വാറന്‍റീന്‍ കാലത്തെ ചെലവ് പ്രവാസികള്‍ വഹിക്കണം.

ക്വാറന്‍റീന് ശേഷം നാട്ടിലേയ്ക്ക് മടങ്ങുന്ന കാര്യത്തില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരെ കപ്പല്‍മാര്‍ഗം നാട്ടിലെത്തിക്കാനാണ് നീക്കം. വിവിധ എംബസികളില്‍ കണക്കെടുപ്പും റജിസ്ട്രേഷനും നടന്നുവരികയാണ്. പ്രത്യേക വിമാനസര്‍വീസ് ഏര്‍പ്പെടുത്തുന്നതും വ്യോമസേന വിമാനങ്ങള്‍ ഉപയോഗിക്കുന്നതും പരിഗണയിലുണ്ട്. യുഎഇയില്‍ ഒന്നരലക്ഷത്തിലധികം പേരാണ് നാട്ടിലേയ്ക്ക് മടങ്ങാന്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ പകുതിയിലേറെയും മലയാളികളാണ്.