ധാരാവിയിൽ വീണ്ടും കോവിഡ്; ആശങ്കയിൽ മുംബൈ

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈ ധാരാവിയില്‍ വീണ്ടും കോവിഡ്. കഴിഞ്ഞദിവസം മരിച്ചയാളുടെ അയല്‍ക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ആശങ്കാജനകമായി വര്‍ധിക്കുകയാണ്. പുണെയില്‍ രണ്ട് പേർ കൂടി കോവിഡ്  ബാധിച്ച് മരിച്ചു. ഇന്ന് 26 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 661 ആയി.

30 വയസുള്ള യുവതിക്കും 48 വയസുള്ള പുരഷനുമാണ് ധാരാവിയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍നിന്നുള്ള തബ്‍ലീഗ് പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചെന്ന് കണ്ടെത്തിയ ഫ്ലാറ്റ് സമുച്ചയത്തിലാണ് യുവതി താമസിക്കുന്നത്. ആകെ അഞ്ച് രോഗികളുള്ള ചേരിയില്‍ ഇരുപത്തി അയ്യായിരത്തില്‍ അധികം ആളുകള്‍ ഇതിനൊടകം നിരീക്ഷണത്തിലാണ്. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് രോഗികളില്‍ പകുതിയിലധികവും മുംബൈയിലാണ്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണത്തില്‍ ഭൂരിഭാഗവും മഹാനഗരത്തില്‍തന്നെ. 

സമൂഹവ്യാപനത്തിന്‍റെ വക്കിലാണ് മുംബൈ ഉള്ളതെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിന്‍റെ പഴശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം പടരുന്നതാണ് കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിനിടയിലെ പ്രധാനവെല്ലുവിളി. കൂടുതല്‍ ആശുപത്രികള്‍ അടച്ചിടേണ്ടിവരുന്ന സാഹചര്യമാണുള്ളത് കഴിഞ്ഞ ദിവസം 7 മലയാളി നഴ്സുമാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ 15 മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചു.