സർ... സമോസ വേണം; കോവിഡ് എമർജൻസിയിലേക്ക് വിളിച്ചയാൾക്ക് സമോസയും ശിക്ഷയും

കോവിഡ് എമർജൻസി ഹെൽപ് ലൈനിൽ വിളിച്ച് സമോസ ചോദിച്ചയാൾക്ക് സമോസയ്ക്കൊപ്പം ശിക്ഷയും താക്കീതും നൽകി അധികൃതർ. ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിലാണ് സംഭവം. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കേണ്ട നമ്പറിലേക്ക് യുവാവ് ആദ്യം വിളിച്ച് സമോസ ആവശ്യപ്പെട്ടു. അധികൃതർ കാര്യം പറഞ്ഞു. അടിയന്തര വൈദ്യസഹായത്തിനേ വിളിക്കാവൂവെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഇയാൾ വീണ്ടും വിളിച്ച് സമോസ ആവശ്യപ്പെട്ടു. ഇതോടെയാണ് സമോസ വാങ്ങി നൽകിയ ശേഷം  സമീപത്തെ ഓട വൃത്തിയാക്കുന്ന ജോലി ഇയാളോട് ചെയ്യാൻ ആവശ്യപ്പെട്ടത്.

അത്യാവശ്യമല്ലാത്ത കാര്യത്തിന് കൺട്രോൾ റൂമിലേക്ക് വിളിച്ച് ബുദ്ധിമുട്ടിച്ചതിനുള്ള ശിക്ഷയെന്ന രീതിയിലാണ് ഇയാളെ കൊണ്ട് ശുചീകരണ പ്രവർത്തനം അധികൃതർ നടത്തിയത്. 

റാംപൂർ ജില്ലാ മജിസ്ട്രേറ്റ് ആഞ്ജനേയ കുമാറാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. മുന്നറിയിപ്പ് നൽകിയ ശേഷം ഇദ്ദേഹത്തിന് സമോസ വാങ്ങി നൽകിയതായും ചൂലുമായി നിൽക്കുന്നയാളിന്റെ പടം പങ്കുവച്ച് അദ്ദേഹം കുറിച്ചു. ജനങ്ങൾ ഉത്തരവാദിത്തമുള്ള പൗരൻമാരാകുകയാണ് വേണ്ടതെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

കോവിഡ് വ്യാപനം ചെറുക്കുന്നതിനായി രാജ്യത്തെങ്ങും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസർവീസുകൾ ഒഴികെയുള്ള എല്ലാം നിരോധിച്ചിട്ടുമുണ്ട്.