‘ആരും പുറത്തേക്ക് ഇറങ്ങരുത്’; കൊറോണയുടെ അർഥം പറഞ്ഞ് മോദി; വിഡിയോ

രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനിടെ കൊറോണയ്ക്ക് പുതിയ അര്‍ത്ഥം പറഞ്ഞിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീട്ടിലിരിക്കുന്ന ആളുകള്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പോസിറ്റീവ് സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. അവയില്‍ ചിലത് തനിക്ക് ഇഷ്ടമായിട്ടുണ്ട്. തുടര്‍ന്ന് പ്രധാനമന്ത്രി ഒരു പോസ്റ്റര്‍ ക്യാമറയ്ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടി.

ഹിന്ദിയിൽ കൊറോണ എന്നെഴുതിയതിന് നേരെ ഒരു അക്ഷരവും എന്തിനെ സൂചിപ്പിക്കുന്നു എന്നാണ് എഴുതിയിരിക്കുന്നത്. കൊറോണ= കോയി റോഡ്‌പേ നാ നികലേ( ആരും പുറത്തേക്ക് ഇറങ്ങരുത്) എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. രാജ്യമൊട്ടാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടിനകത്ത് തന്നെ തുടരാനാണ് ജനങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കൊറോണയെ പിടിച്ച് കെട്ടാന്‍ സാമൂഹിക അകലം പാലിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്നുരാത്രി 12 മുതല്‍ വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. 21 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍. കൃത്യമായി പാലിച്ചില്ലെങ്കില്‍ രാജ്യം 21 വര്‍ഷം പുറകിലേക്ക് പോകും. നിങ്ങള്‍ രാജ്യത്ത് എവിടെയായാലും അവിടെ തുടരുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ബാധകമാണ്. സാമൂഹിക അകലം മാത്രമാണ് മരുന്ന്. കോവിഡില്‍ നിന്ന് രക്ഷപെടാന്‍ സാമൂഹിക അകലം മാത്രമാണ് വഴി. 'കോവിഡ്  അതിവേഗം വ്യാപിക്കുകയാണ്. ചിലരുടെ ശ്രദ്ധക്കുറവ് നിങ്ങളേയും കുടുംബത്തേയും അപകടത്തിലാക്കാം. പ്രധാനമന്ത്രിയുള്‍പ്പെടെ എല്ലാവര്‍ക്കും സാമൂഹിക അകലം ബാധകമാണ്. ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങള്‍ക്കുപോലും അതിന്റെ ആഘാതം നേരിടാനായില്ല. ‌‌‌

അശ്രദ്ധയ്ക്ക് രാജ്യം ചിന്തിക്കാന്‍ കഴിയാത്തത്ര വലിയ വില നല്‍കേണ്ടിവരുമെന്നും മോദി മുന്നറിയിപ്പ് നല്‍കി.  വ്യാപനത്തിന്റെ വേഗത കൂടുന്തോറും പ്രതിരോധം അതികഠിനമാകുമെന്ന് മോദി പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പരിപൂര്‍ണമായി പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.