ആദ്യമായാണോ ലോകത്ത് കാറപകടം ഉണ്ടാകുന്നത്? ക്ഷോഭിച്ച് എംഎൽഎയുടെ മകൻ

ബംഗളുരുവിൽ അപകടകരമായി വാഹനമോടിച്ച് രണ്ടു പേരെ ഇടിച്ചിട്ട കേസിൽ കോൺഗ്രസ് നേതാവിന്റെ മകൻ മുഹമ്മദ് നാലപ്പാടിന് ജാമ്യം. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് ഇയാളെ ജാമ്യത്തിൽ വിട്ടത്. 

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയാണ് മുഹമ്മദ് ഓടിച്ച ബെന്റ്ലി കാറിടിച്ച് രണ്ട് പേർക്ക് സാരമായ പരിക്കേറ്റത്. അപകടം നടന്നതോടെ കാറ് വഴിയിൽ ഉപേക്ഷിച്ച് ഇയാൾ കടന്നു കളയുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഡ്രൈവർ സ്റ്റേഷനിലെത്തി താനാണ് അപകടമുണ്ടാക്കിയതെന്ന് കുറ്റം ഏൽക്കുകയായിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ പൊലീസ് മുഹമ്മദിനെതിരെ കേസെടുത്തു.

ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച മുഹമ്മദ് പക്ഷേ സംഭവം നിഷേധിക്കുകയാണ് ഉണ്ടായത്. നിരപരാധി ആണെന്നും താൻ ആ രാത്രിയിൽ ലംബോർഗിനി ആണ് ഓടിച്ചത്. ഡ്രൈവറായ ബാലുവാണ് ബെന്റ്ലി ഓടിച്ച് വന്നത്. കേസിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും മുഹമ്മദ് പറഞ്ഞു. ലോകത്ത് ആദ്യമായുണ്ടായ കാറപകടമല്ല ഇതെന്നും മാധ്യമങ്ങളോട് ക്ഷോഭിച്ച് മുഹമ്മദ് കൂട്ടിച്ചേർത്തു. 

രണ്ട് വർഷം മുമ്പ് ബംഗളുരുവിലെ പബ്ബിൽ വച്ച് വ്യവസായിയെ തല്ലിയ കേസിൽ 118 ദിവസം മുഹമ്മദ് ജയിലിൽ കഴിഞ്ഞിട്ടുണ്ട്. അന്ന് ബംഗളുരു ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി ആയിരുന്നു മുഹമ്മദ് നാലപ്പാട്. മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ നാലാപ്പാട് അഹമ്മദ് ഹാരിസിന്റെ മകനാണ്.