ദിവസം 1.62 കോടി രൂപ; പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഒരു വർഷം ചിലവാകുന്നത് 592.5 കോടി

പ്രധാനമന്ത്രിക്ക് പ്രത്യേക സുരക്ഷ ഒരുക്കുന്നതിനായി ചിലവഴിക്കുന്നത് പ്രതിദിനം 1.62 കോടി രൂപയാണെന്ന് രേഖകൾ. ഒരു വർഷത്തേക്ക് 592.5 കോടി രൂപയാണ് ബജറ്റിൽ ഇതിനായി വകയിരുത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം ലോക്സഭയെ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പത്ത് ശതമാനം കൂടുതലാണ് ഈ തുകയെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഡിഎംകെ നേതാവ് ദയാനിധി മാരനാണ് സിആർപിഎഫ്, എസ്പിജി സുരക്ഷയുള്ളവരുടെ പട്ടിക ആവശ്യപ്പെട്ടത്. ഇത് പ്രകാരം വ്യക്തമാക്കിയ രേഖയിലാണ് രാജ്യത്ത് എസ്പിജി സുരക്ഷയുള്ള ഒരാൾ മാത്രമേയുള്ളൂവെന്നും പക്ഷേ പേര് വെളിപ്പെടുത്തില്ലെന്നും വ്യക്തമാക്കിയത്. ഇതിന് പുറമേ സിആർപിഎഫ് സുരക്ഷ ഏതൊക്കെ വിഐപികൾക്കാണ് ഉള്ളതെന്ന പേര് വിവരവും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. സുരക്ഷാ കാരണങ്ങളാൽ ഇക്കാര്യം നൽകാനാവില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. പേര് വിവരങ്ങൾ നൽകിയിട്ടില്ലെങ്കിലും 56 പേർക്ക് സിആർപിഎഫ് സുരക്ഷ അനുവദിച്ചിട്ടുണ്ടെന്ന് ലോക്സഭയിൽ നൽകിയ രേഖയിൽ പറയുന്നു.

കഴിഞ്ഞ വർഷം വരെ സോണിയ ഗാന്ധി, രാഹുൽ,പ്രിയങ്ക, പ്രധാനമന്ത്രി എന്നിവർക്കാണ് എസ്പിജി സുരക്ഷ നൽകിയിരുന്നത്. ഇതിന് പിന്നാലെ ഗാന്ധികുടുംബത്തിന്റെ എസ്പിജി സുരക്ഷ പിൻവലിച്ചിരുന്നു. ഇന്ദിരാഗാന്ധി വധത്തോടെയാണ് ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ അനുവദിക്കപ്പെട്ടത്.പിന്നാലെ അധികാരത്തിലെത്തിയ വി.പി സിങ് ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിൻവലിച്ചു. എന്നാൽ രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടതോടെ നരസിംഹറാവു സർക്കാർ സുരക്ഷ പുനഃസ്ഥാപിക്കുകയായിരുന്നു.

മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ പ്രധാനമന്ത്രിക്കുള്ള എസ്പിജി സുരക്ഷ ഇരട്ടിയാക്കി. ഇന്ന് മണിക്കൂറിൽ ആറേ മുക്കാൽ ലക്ഷം രൂപയും മിനിറ്റിൽ പതിനൊന്നായിരത്തിലേറെ രൂപയുമാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി രാജ്യം ചിലവാക്കുന്നത്.