ലക്ഷ്മി ആന കോടതിയുടെ കുട്ടി; തർക്കം തീർന്നു; വിധി ഇങ്ങനെ

ഇനി ലക്ഷ്മിക്ക് കോടതിയുണ്ട്. കാരണം അവൾ മൈനറാണ്. സദ്ദാമെന്ന ആനപ്പാപ്പാന്റെ നൊമ്പരമായി മാറിയെങ്കിലും ലക്ഷ്മിയെന്ന ആന കോടിയുടെ സ്വന്തമാവുകയാണ്. ഡൽഹി ഹൈക്കോടതി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ആന കോടതിയുടെ കുട്ടിയാണ്. അതിന് എന്താണ് നല്ലതെന്ന് കോടതി തീരുമാനിക്കും.

താൻ കുടുംബാംഗത്തെ പോലെ പോറ്റിയിരുന്ന, ഡൽഹിയിലെ അവസാനത്തെ ആനയായ ‘ലക്ഷ്മി’യുടെ മോചനം ആവശ്യപ്പെട്ടു പാപ്പാനായ സദ്ദാം നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശങ്ങൾ. ഹർജി കോടതി നിരസിച്ചെങ്കിലും കൃത്യമായ അപേക്ഷ നൽകി ആനയെ കാണാനുള്ള അവസരം സദ്ദാമിനു നൽകാമെന്നു ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് സംഗീത സെഗാൾ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. 

ഭരണഘടനയിലെ ‘നാം’ എന്ന നിർവചനം മനുഷ്യർ മാത്രമല്ലെന്നും സദ്ദാമുമായുള്ള ആനയുടെ വൈകാരിക ബന്ധവും സദ്ദാമിനു വേണ്ടി ഹാജരായ അഭിഭാഷകൻ വിൽസ് മാത്യൂസ് മാത്യൂ ചൂണ്ടിക്കാട്ടിയതു പരിഗണിച്ചാണിത്.

ഡൽഹിയിലെ യൂസഫ് അലി എന്നയാളുടെ പിടിയാനയെ സദ്ദാം 2008 മുതൽ പരിചരിച്ചു തുടങ്ങി, കുടുംബാംഗം പോലെയായപ്പോഴാണു വനംവകുപ്പു കൂട്ടിക്കൊണ്ടുപോയി ഹരിയാനയിലെ സംരക്ഷണകേന്ദ്രത്തിലാക്കിയത്.  വാസയോഗ്യമല്ലാത്ത സ്ഥലത്തു ആനയെ പാർപ്പിച്ചതിനു സദ്ദാം ജയിലിലാകുകയും ചെയ്തു.