പരോളിന് ഇറങ്ങി മുങ്ങി; നേപ്പാൾ വഴി രക്ഷപെടാൻ ശ്രമം; ‘ഡോ.ബോംബ്’ പിടിയിൽ

പരോളിന് ഇറങ്ങിയ ശേഷം  കാണാതായ 1993 മുംബൈ സ്‌ഫോടനപരമ്പരയിലെ പ്രതി ജലീസ് അൻസാരി പിടിയിൽ. രാജ്യത്തു നടന്ന 52 സ്ഫോടനക്കേസുകളിൽ പങ്കുള്ള ‘ഡോ.ബോംബ്’ എന്നറിയപ്പെടുന്ന അൻസാരി രാജസ്ഥാനിലെ അജ്മർ ജയിലിൽ നിന്നു കഴിഞ്ഞ മാസം അവസാനമാണ് 21 ദിവസത്തെ പരോളിൽ ഇറങ്ങിയത്. മുംബൈയിൽ താമസിക്കുന്ന അൻസാരി എല്ലാം ദിവസവും രാവിലെ 10.30നും 12നും ഇടയിൽ അഗ്രിപട പൊലീസ് സ്റ്റേഷനിൽ ചെന്ന് ഒപ്പിടണമെന്നു നിർദേശമുണ്ടായിരുന്നു. എന്നാൽ വ്യാഴാഴ്ച അൻസാരി സ്റ്റേഷനിൽ എത്തിയിരുന്നില്ല.

പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഒളിവിലാണെന്ന് മനസിലായത്. തുടർന്ന് ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ഉത്തൽപ്രദേശിലെ കാൻപുരിൽ നിന്നു മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും യുപി സ്പെഷൽ ടാസ്ക് ഫോഴ്സും ചേർന്നാണ് ഇയാളെ പിടികൂടിയത്. നേപ്പാൾ വഴി രാജ്യം വിടാൻ ശ്രമിക്കവെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും യുപി പൊലീസ് വ്യക്തമാക്കി.

സിമി, ഇന്ത്യൻ മുജാഹിദ്ദീൻ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുണ്ടായിരുന്ന അൻസാരി ബോംബു നിർമാണം പ്രക്രിയ ഇവരെ പഠിപ്പിച്ചതിലൂടെയാണ് ‘ഡോ.ബോംബ്’ എന്ന പേരു നേടിയത്.