‘ഇവിടെ മീറ്റിങ്ങാണ്; വേറെ വഴി പോകൂ...’; ആംബുലന്‍സിന്റെ വഴിതടഞ്ഞ് ബിജെപി അധ്യക്ഷന്‍

‘ഇവിടെ  മീറ്റിങ്ങ് നടക്കുകയാണ്, വേറെ വഴി പോകൂ...’ ആംബുലൻസിന്റെ വഴി തടഞ്ഞ് ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞ വാക്കുകളാണിത്. ഒരു ജീവന് ഞങ്ങളുടെ മീറ്റിങ്ങിന്റെ അത്രയും വിലയില്ലെന്ന തരത്തിലുള്ള പ്രവൃത്തിയാണ് ബംഗാളിലെ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ ഭാ‍ഗത്ത് നിന്നുണ്ടായത്. ഈ മാസം എട്ടാം തീയതിയാണ് സംഭവം നടന്നത്. ബംഗാളിലെ നദിയ ജില്ലയിൽ റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. ആ സമയത്ത് അതുവഴി വന്ന ആംബുലൻസിനോട് വെറേ വഴി പോകാൻ ദിലീപ് ഘോഷ് ആവശ്യപ്പെടുകയായിരുന്നു.

സംഭവം വിവാദമായതിനെ തുടർന്ന് ആംബുലൻസ് തൃണമൂൽ കോൺഗ്രസ് അയച്ചതാണെന്നും തങ്ങളുടെ പരിപാടി അലങ്കോലമാക്കാനാണ് ആ സമയത്ത് അവിടെ ആംബുലൻസ് വന്നതെന്നുമാണ് ദിലീപ് ഘോഷിന്റെ ആരോപണം. എന്നാൽ ആംബുലൻസിനെ തടയുന്ന വിഡിയോ പുറത്തുവന്നതിനെ തുടർന്ന് സിഎഎ പ്രതിക്ഷേധത്തിനിടെ ആംബുലൻസിന് സുഖമമായി കടന്നുപോകാൻ വഴിയൊരുക്കുന്ന വിഡിയോ പോസ്റ്റ് ചെയ്ത് ഇത് ബിജെപിയുടെ ധാഷ്ട്യമാണെന്നാണ് ആളുകൾ പറയുന്നത്.

ഉച്ചത്തിൽ സൈറൻ മുഴക്കി പാഞ്ഞുവരുന്ന ആംബുലൻസ് ഒരു ജീവൻ രക്ഷിക്കാനുള്ള നേട്ടോട്ടത്തിലായിരിക്കും. റോഡിലെ തിരക്കുകളോ മറ്റു കാര്യങ്ങളോ അപ്പോൾ ആ വാഹനമോടിക്കുന്ന ഡ്രൈവറുടെ പരിഗണനയിൽ ഉണ്ടാകില്ല. എത്രയും പെട്ടെന്ന് രോഗിയെ ആശുപത്രിയിൽ എത്തിക്കുക എന്നതായിരിക്കും ആദ്യ ലക്ഷ്യം. അതുകൊണ്ട് തന്നെ ആംബുലൻസിന്റെ വഴിതടയുന്നത് ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.