‘കാലുയർത്തി തൊഴിച്ചു; കൊലവിളി’; എബിവിപി നേതാവെന്ന് എന്‍എസ്‌‌യു: വിഡിയോ

ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങളിൽ പൊലീസ് ശക്തമായി പ്രതിഷേധക്കാരായ വിദ്യാർഥികളെ നേരിടുന്ന  ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനൊപ്പം പൊലീസ് വേഷത്തിലല്ലാതെ ഹെൽമെറ്റ് വച്ചെത്തിയവരും വിദ്യാർഥികളെ മർദിച്ചിരുന്നു. പൊലീസ് വേഷത്തിലല്ലാതെ എത്തിയവർ ആര് എന്ന ചോദ്യത്തിന് പലതരത്തിലുള്ള ഉത്തരങ്ങളാണ് ഉയരുന്നത്. ഇതിനിടയിൽ വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് ഇത് എബിവിപി നേതാവാണെന്ന് വ്യക്തമാക്കി ഒട്ടേറെ പേരാണ് ട്വിറ്ററിൽ എത്തിയിരിക്കുന്നത്. 

വിദ്യാർഥിയെ കാലുയർത്തി െതാഴിക്കുന്ന വ്യക്തിയുടെ വിഡിയോയാണ് പുറത്തുവന്നത്. ഇയാൾ എബിവിപിയുടെ സംസ്ഥാന നേതാവും  ഡൽഹി യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാർഥിയുമായ ഭരത് ശർമയാണെന്നും ട്വിറ്ററിൽ എന്‍എസ്‌‌യു ഡല്‍ഹി ഘടകം പ്രസിഡന്റ് അക്ഷയ് ലക്റ പറഞ്ഞു. ഹെൽമെറ്റ് ധരിച്ച് പൊലീസിനൊപ്പം സമരക്കാരെ തല്ലിയതും ഇയാളെണെന്ന് ആരോപിച്ച് ചിലരും രംഗത്തെത്തിയിട്ടുണ്ട്. 

അതേസമയം  ജാമിയ മിലിയ സർവകലാശാലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 10 പേര്‍ അറസ്റ്റില്‍. ക്രിമിനല്‍ പശ്ചാത്തലമുളളവരാണ് പിടിയിലായതെന്നും വിദ്യാര്‍ഥികളല്ലെന്നും പൊലീസ് അറിയിച്ചു. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ്  പറയുന്നു. 

ഞായറാഴ്ചത്തെ സംഘര്‍ഷത്തില്‍ ക്യാംപസില്‍ കടന്ന് പൊലീസ് നടത്തിയ അതിക്രമത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജാമിയ പൂര്‍വവിദ്യാര്‍ഥി അസോസിയേഷനും രണ്ട് വിദ്യാർഥികളും നൽകിയ മൂന്ന് ഹർജികൾ ആണ് കോടതിയുടെ മുൻപാകെ എത്തുക.   

ജാമിയ മിലിയ സര്‍വകലാശാലയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തിട്ടില്ലെന്ന ഡല്‍ഹി പൊലീസ് വാദവും പൊളിയുകയാണ്. പ്രക്ഷോഭത്തില്‍ വെടിയേറ്റ രണ്ടുപേരെ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചതായി ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ വിദ്യാര്‍ഥികള്‍ക്കെതിരേ റബര്‍ ബുള്ളറ്റ്  ഉതിര്‍ത്തെന്നാണ് പൊലീസിന്‍റെ പുതിയ വിശദീകരണം.

ജാമിയ ക്യാമ്പസില്‍ അതിക്രമിച്ചുകടന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തതായി നേരത്തെ ആരോപണമുണ്ടായിരുന്നു. വെടിയേറ്റ കുട്ടികളുടേതെന്ന പേരില്‍ ചില ദൃശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡല്‍ഹി പൊലീസ് ഇന്നലെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആരോപണത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞു. ഇതുകഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കകമാണ് വെടിയുതിര്‍ത്തുവെന്ന് സ്ഥിരീകരിക്കുന്ന വിവരം പുറത്തെത്തിയത്. 

പ്രക്ഷോഭകര്‍ക്കെതിരെ റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചുവെന്നാണ് പൊലീസിന്‍റെ പുതിയ വാദം. പൊലീസ് അതിക്രമത്തിനും, പൗരത്വ ഭേദഗതി നിയമത്തിനും എതിരായ പ്രതിഷേധങ്ങളും ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ തുടരും. രാജ്യത്തെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രക്ഷോഭങ്ങള്‍ അരങ്ങേറും. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ പിന്തുണച്ച് കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രംഗത്തുവന്നു. മോദി വിഭജനത്തിന്‍റെ പ്രതീകമാണെന്നും വിദ്യാര്‍ത്ഥി പ്രക്ഷോഭം മാറ്റത്തിന്‍റെ തുടക്കമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.