‘ഗാന്ധിയുടെ മരണം യാദൃച്ഛികം’; കുട്ടികൾക്കുള്ള ബുക്ക്​ലെറ്റിൽ ഒഡിഷ സർക്കാർ; വിവാദം

മഹാത്മ ഗാന്ധിയുടെ 150–ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒഡിഷ സർക്കാർ പുറത്തിറക്കിയ ബുക്ക്​ലെറ്റ് വൻവിവാദത്തിൽ. സ്കൂൾ വിദ്യാർഥികൾക്ക് നൽകാനായി അച്ചടിച്ച  ബുക്ക്​ലെറ്റാണ് വിവാദമായിരിക്കുന്നത്. മഹാത്മാ ഗാന്ധി മരിച്ചത് യാദൃച്ഛികമായെന്നാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഔവര്‍ ബാപ്പുജി: എ ഗ്ലിംപ്സ്(Our Bapuji: A glimpse) എന്ന തലക്കെട്ടിലാണ് ബുക്ക്‌ലെറ്റ് പുറത്തിറക്കിയിരിക്കുന്നത്. 

1948 ജനുവരി 30ന് ദില്ലിയിലെ ബിര്‍ളാ ഹൗസില്‍ വെച്ചുള്ള ഗാന്ധിയുടെ മരണം യാദൃച്ഛികമായിരുന്നുവെന്നാണ് ബുക്ക്‌ലെറ്റില്‍ വ്യക്തമാക്കുന്നത്. 1948 ജനുവരി 30ന് ദില്ലിയിലെ ബിര്‍ളാ ഹൗസില്‍ ഹിന്ദുമഹാസഭ പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെട്ടത്. കേസില്‍ ഗോഡ്സെ, നാരായണ്‍ ആപ്തെ എന്നിവരെ വധശിക്ഷക്ക് വിധേയരാക്കുകയും ചെയ്തു. എന്നാൽ സ്കൂൾ കുട്ടികൾക്ക് നൽകാനുള്ള ഇൗ ബുക്ക്​ലെറ്റിലെ വിവരണം വലിയ വിവാദമാവുകയാണ്.