കൊടിമരം റോഡിലേക്ക്; വെട്ടിക്കാൻ ശ്രമിച്ച യുവതി ട്രക്കിനടിയിൽ; ഗുരുതരം

കോയമ്പത്തൂരിൽ ദേശീയപാതയിലേക്കു വീണ രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിമരം ഒഴിവാക്കാൻ ശ്രമിച്ച ഇരുചക്രവാഹന യാത്രക്കാരിയായ യുവതി ട്രക്കിനടിയിൽപ്പെട്ടു ഗുരുതരാവസ്ഥയിൽ. ജോലിയുമായി ബന്ധപ്പെട്ട യാത്രയിലായിരുന്ന അനുരാധ രാജേശ്വരി (30)യാണ് അപകടത്തിൽപ്പെട്ടത്. സെപ്റ്റംബറിൽ ഫ്ലക്സ്ബോർഡ് വീണ് ഐടി ജീവനക്കാരി മരിച്ചതിനു പിന്നാലെയാണ് ഇപ്പോഴത്തെ അപകടം. 

മുഖ്യമന്ത്രി പളനിസ്വാമിയെ സ്വാഗതം ചെയ്യുന്നതിനായി അവിനാശി ഹൈവേയിൽ എഐഎഡിഎംകെ കൊടിമരങ്ങൾ സ്ഥാപിച്ചിരുന്നു. ഇതു വഴി സ്കൂട്ടറിൽ വരികയായിരുന്ന അനുരാധ കൊടിമരങ്ങളിലൊന്ന് റോഡിലേക്കു വീഴുന്നതു കണ്ട് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടെ ട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്കിന്റെ മുൻവശത്തെ വലത്തേ ചക്രം അനുരാധയുടെ ഇരുകാലുകളിലൂടെയും കയറിയിറങ്ങി. യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. സ്കൂട്ടർ യാത്രികനായ മറ്റൊരാൾക്കും ഇതേ ട്രക്ക് ഇടിച്ചു പരുക്കേറ്റു. ട്രക്ക് ഡ്രൈവർ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വേഗത്തിൽ എത്താൻ ഉടമ ആവശ്യപ്പെട്ടതിനാൽ വാഹനം വേഗത്തിലായിരുന്നുവെന്ന് ഡ്രൈവർ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കൊടിമരം വീണതല്ല അപകടകാരണമെന്ന നിലപാടിലാണു പൊലീസ്. റോഡിനോട് ചേർന്ന മണലിലാണ് കൊടിമരങ്ങൾ സ്ഥാപിച്ചിരുന്നത്. റോഡിലേക്കു മറിഞ്ഞ കൊടിമരം ദേശീയപാതയുടെ വലതുനിരയിലേക്ക് വീഴുമായിരുന്നില്ലെന്നും ട്രാക്ക് ഡ്രൈവർക്കെതിരെയാണ് നിലവിൽ കേസെടുത്തിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു. പൊലീസിന്റെ നിഗമനത്തിനെതിരെ അനുരാധയുടെ അമ്മാവൻ രംഗത്തെത്തി. കൊടിമരം റോഡിലേക്കു വീഴുന്നതു കണ്ട പരിഭ്രാന്തിയിൽ ദേശീയപാതയുടെ വലതു വശത്തെ മറ്റൊരു നിരയിലേക്ക് തിരിഞ്ഞപ്പോഴാണ് അനുരാധയെ ട്രാക്ക് ഇടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സെപ്റ്റംബറിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ അണ്ണാ ഡിഎംകെ നേതാവ് സി.ജയഗോപാലിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് തലയിൽ വീണ് ഐടി ജീവനക്കാരി ശുഭശ്രീ രവി മരിച്ചിരുന്നു. ഇതെതുടർന്ന് റോഡുകളിൽ രാഷ്ട്രീയ കൊടിമരങ്ങൾ അനുവദിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശുഭശ്രീ രവി മരിച്ച കേസിലും ട്രക്ക് ഡ്രൈവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. പിന്നീട് പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് എഐഎഡിഎംകെ നേതാവ് ജയഗോപാലിനെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു. 

2017 ൽ സോഫ്റ്റ്‌വെയർ കമ്പനി ജീവനക്കാരനായിരുന്ന രഘുപതി കോയമ്പത്തൂരിൽ ഭരണകക്ഷിയായ എഐഎഡിഎംകെ ദേശീയപാതയിൽ സ്ഥാപിച്ച കമാനത്തിലിടിച്ച് കൊല്ലപ്പെട്ടിരുന്നു.