വാട്സാപ്പ് ചോര്‍ത്തല്‍; വിശദീകരണം തേടി; പാര്‍ലമെന്‍ററി സമിതി പരിശോധിക്കും

വാട്സാപ്പ് ചോര്‍ത്തലിനെക്കുറിച്ച് പാര്‍ലമെന്‍ററി സമിതി പരിശോധിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും രഹസ്യാന്വേഷണ ഏജന്‍സികളോടും ആഭ്യന്തരകാര്യങ്ങള്‍ക്കായുള്ള സ്റ്റാന്‍ഡിങ് കമ്മറ്റി വിശദീകരണം തേടി. എന്നാല്‍ കാര്യങ്ങള്‍ നേരത്തെ അറിയിച്ചിരുന്നുവെന്ന വാട്സാപ്പിന്‍റെ അവകാശവാദം പൂര്‍ണമായും ശരിയല്ലെന്നാണ് കേന്ദ്ര െഎ.ടി മന്ത്രാലയത്തിന്‍റെ നിലപാട്.

മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും അഭിഭാഷകരും ഉള്‍പ്പെടെ ഇന്ത്യയില്‍ ഇരുപത്തിയഞ്ചോളം പേര്‍ വാട്സാപ്പ് ചോര്‍ത്തലിന് ഇരകളായിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വാട്സാപ്പിനോട് വിശദീകരണം തേടി. ഇതിന് പിന്നാലെയാണ് രാജ്യസഭ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ അധ്യക്ഷനായ ആഭ്യന്തരകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മറ്റി വിവാദം പരിശോധിക്കുന്നത്. ഈ മാസം 15ന് ചേരുന്ന സമിതിയോഗത്തില്‍ കശ്മീര്‍ വിഷയത്തിനൊപ്പം വാട്സാപ്പ് ചോര്‍ത്തല്‍ വിവാദവും ചര്‍ച്ചയ്ക്കെടുക്കും. പാര്‍ലമെന്‍റ് സമ്മേളനം 18ന് തുടങ്ങാനിരിക്കെയാണ് കോണ്‍ഗ്രസ് നേതാവ് അധ്യക്ഷനായ സമിതിയുടെ നിര്‍ണായക നീക്കം. സംഭവത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ആഭ്യന്തരമന്ത്രാലയത്തോടും രഹസ്യാന്വേഷണ ഏജന്‍സികളോടും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ സമിതി വിളിച്ചുവരുത്തും. ശശി തരൂര്‍ അധ്യക്ഷനായ െഎ.ടി സമിതിയും വാട്സാപ്പ് ചോര്‍ത്തിനെക്കുറിച്ച് പരിശോധിക്കും. അതേസമയം, ചോര്‍ത്തലിനെക്കുറിച്ച് നേരത്തെ തന്നെ ഇന്ത്യയെ അറിയിച്ചിരുന്നുവെന്ന് വാട്സാപ്പ് അവകാശപ്പെടുന്നു. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിക്കുമെന്ന് വാട്സാപ്പ് വ്യക്തമാക്കുന്നു. എന്നാല്‍ വാട്സാപ്പിന്‍റെ മുന്‍സന്ദേശങ്ങളില്‍ പെഗാസസിനെക്കുറിച്ചോ, ചോര്‍ത്തലിനെക്കുറിച്ചോ പരാമര്‍ശമില്ലെന്നും സങ്കീര്‍ണമായ സാങ്കേതിക വിവരങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും െഎ.ടി മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.