അയച്ച വാട്സാപ് മെസേജ് ‍ഡിലീറ്റ് ചെയ്യാൻ കൂടുതൽ സമയം; പുതിയ ഫീച്ചര്‍

ഡിജിറ്റല്‍ യുഗമായ ഇന്ന് കൂടുതല്‍ ആശയവിനിമയം നടക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് വാട്സാപ്പ്. എന്നാല്‍ ചിലപ്പോഴൊക്കെ അയച്ച മെസേജുകള്‍ നീക്കം ചെയ്യാന്‍ സാധിച്ചെങ്കിലെന്നു നമുക്ക് തോന്നാറില്ലേ. പേടിക്കേണ്ട ആ ഫീച്ചറും വരുന്നു. 

വാബീറ്റാഇൻഫോ ( Wabetainfo) റിപ്പോർട്ട് അനുസരിച്ച് വാട്സാപ്പിലെ 'ഡിലീറ്റ് ഫോർ എവരിവൺ' ഫീച്ചറിന്റെ സമയ പരിധി നീട്ടുമെന്നാണ്. നിലവിൽ ഉപയോക്താക്കൾക്ക് അയച്ച സന്ദേശങ്ങൾ ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് സമയത്തിനുള്ളിൽ ഇല്ലാതാക്കാൻ അനുവദിക്കുന്നുണ്ട്. ഈ സമയപരിധി 48 മണിക്കൂർ ആയി ഉയർത്താനാണ് നീക്കം നടക്കുന്നത്. സന്ദേശം നീക്കിയാൽ ചാറ്റ് ബോക്സിൽ ‘ഈ സന്ദേശം ഇല്ലാതാക്കി’ എന്ന സന്ദേശവും കാണിക്കും.

ആപ്പിന്റെ ഐഒഎസ് പതിപ്പിലെ ചില ബീറ്റാ ഉപയോക്താക്കൾക്ക് ഇപ്പോൾ തന്നെ ഈ ഫീച്ചർ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ബീറ്റാ ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയച്ച് 2 ദിവസം, 12 മണിക്കൂറിനുള്ളിൽ ഇല്ലാതാക്കാൻ കഴിഞ്ഞതായി വാട്സ്പ‌് ഫീച്ചർ ട്രാക്കർ വെളിപ്പെടുത്തുന്നു. വരാനിരിക്കുന്ന ഫീച്ചറിന്റെ ഒരു സ്‌ക്രീൻഷോട്ടും വാബീറ്റാഇൻഫോ ഷെയർ ചെയ്തിട്ടുണ്ട്. ഇത് കൂടുതൽ ഉപയോക്താക്കൾക്ക് വൈകാതെ തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്.

ഗ്രൂപ്പിൽ നിന്നുള്ള സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാരെ അനുവദിക്കുന്നതിനുള്ള ഫീച്ചറും വാട്സാപ് പരീക്ഷിക്കുന്നുണ്ട്. ഗ്രൂപ്പിലെ അംഗങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന എന്തെങ്കിലും പോസ്റ്റ് ചെയ്താൽ അവരുടെ മെസേജും അക്കൗണ്ടും നീക്കംചെയ്യാൻ അഡ്മിന് കഴിയും. ഈ ഫീച്ചറും വൈകാതെ എല്ലാവർക്കും ലഭ്യമായേക്കും.