കുറവുകളുണ്ട്, പക്ഷേ നിന്ദിക്കരുത്; ജിഎസ്ടിയെ വിമർശിച്ച സംരംഭകനോട് പൊട്ടിത്തെറിച്ച് മന്ത്രി; വിഡിയോ

ജിഎസ്ടിയെ വിമർശിച്ച യുവസംരംഭകനെതിരെ പൊട്ടിത്തെറിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. വ്യാപാരികളും സംരംഭകരും പങ്കെടുത്ത യോഗത്തിലാണ് സംഭവം. ജിഎസ്ടിയെക്കുറിച്ചുള്ള പോരായ്മകളും ആശങ്കകളും ചൂണ്ടിക്കാണിച്ച് സംസാരിച്ചയാളോടാണ് നിർമല പൊട്ടിത്തെറിച്ചത്. 

ചോദ്യത്തിനിടെ ഇടയ്ക്ക് കയറി നിർമല പറഞ്ഞുതുടങ്ങി: ''ജിഎസ്ടിക്ക് കുറവുകളുണ്ട്. എന്നാല്‍ ജിഎസ്ടി രാജ്യത്തിന്‍റെ നിയമമാണ്. ജനപ്രതിനിധികളുടെ പിന്തുണയോടെയാണ് ജിഎസ്ടി ബില്‍ പാസാക്കിയത്. അതിനാല്‍ ആരും ജിഎസ്ടിയെ നിന്ദിക്കണ്ട കാര്യമില്ല''- നിർമല പറഞ്ഞു. 

എല്ലാവരും സന്തോഷിക്കുന്ന രീതിയില്‍ ജിഎസ്ടി മാറുമെന്ന് പറഞ്ഞാണ് സംരംഭകന്‍ സംസാരിക്കാന്‍ തുടങ്ങിയത്. ക്ഷമിക്കണം നിങ്ങള്‍ പറയുന്നതിനോട് വിയോജിക്കുന്നുവെന്ന് പറഞ്ഞ് മന്ത്രി ഇടയിൽ പറഞ്ഞുതുടങ്ങി. 'ഏറെക്കാലത്തെ പ്രയത്നത്തിന് ശേഷമാണ് സര്‍ക്കാര്‍ ഒരു കാര്യവുമായി വന്നത്. സംസ്ഥാനങ്ങളിലും പാര്‍ലമെന്‍റിലും പാസായ ഒന്നാണ് ജിഎസ്ടി. ജിഎസ്ടി നിങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ ആയിരിക്കില്ല വന്നത്. അതിന്‍റെ വേദന നിങ്ങള്‍ക്കുണ്ടാവും'

'എല്ലാവരേയും ആദ്യ ദിവസം മുതല്‍ തന്നെ സന്തുഷ്ടരാക്കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ സംഭവിക്കാത്തതില്‍ വിഷമമുണ്ട്. എന്നാല്‍ നമ്മള്‍ ഒന്നിച്ചാണ് ജിഎസ്ടി രൂപീകരിച്ചത്. അതുകൊണ്ട് അത് സ്വന്തമാക്കാന്‍ ശ്രമിക്കണം'- മന്ത്രി പറഞ്ഞു. 

പിന്നാലെ മന്ത്രിയെ വിമർശിച്ച് കർണാടകയിലെ കോൺഗ്രസ് നേതാവ് ശ്രീവാസ്തവ വൈ ബി രംഗത്തെത്തി. ''രണ്ടുവർഷം കഴിഞ്ഞിട്ടും ജിഎസ്ടി ശരിയാക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ല.  പ്രശ്നങ്ങൾ പറയുന്ന ബിസിനസുകാരനോട് നിങ്ങൾ രൂക്ഷമായ മറുപടി നൽകുന്നു. ഒരിടവേളയെടുത്ത് ദേഷ്യം നിയന്ത്രിക്കാൻ സഹായിക്കുന്ന ഏതെങ്കിലും ക്ലാസിൽ ചേരണം''- ശ്രീവാസ്തവ പറഞ്ഞു.