‘വ്യത്യസ്ത മതത്തിൽപ്പെട്ടവർ ഒന്നിച്ച് കിടക്കുന്നു’; റിയാലിറ്റി ഷോക്കെതിരെ ബിജെപി

ബോളിവുഡ് താരം സൽമാൻ ഖാൻ അവതാരകനായെത്തുന്ന ഹിന്ദി റിയാലിറ്റി ഷോ ബിഗ് ബോസിനെതിരെ കടുത്ത രോഷം. ഷോ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും പിന്നാലെ വിവിധ സംഘടനകളും രംഗത്തുവന്നു. ഷോ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ നന്ദ് കിഷോർ ഗുജ്ജാർ കേന്ദ്ര വാർത്താ വിനിമയ മന്ത്രി പ്രകാശ് ജാവഡേക്കറിന് കത്തയച്ചു. ഷോ അസഭ്യവും അശ്ലീലവുമാണെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് കത്ത്. 

‘രാജ്യത്തിന്റെ സാംസ്കാരിക മൂല്യങ്ങൾക്കെതിരാണ് ഷോ. തീർത്തും അധിക്ഷേപാർഹമായ രംഗങ്ങൾ ഇതിന്റെ ഭാഗമാണ്. വ്യത്യസ്ത മതത്തിൽപ്പെട്ട സ്ത്രീപുരുഷന്മാർ ഒരുമിച്ച് കിടക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. അശ്ലീലവും അസഭ്യവും പ്രോത്സാഹിപ്പിക്കുന്നതാണ് റിയാലിറ്റി ഷോ’- കത്തിൽ എംഎൽഎ പറയുന്നു. 

രാജ്യത്തിന്റെ നഷ്ടപ്പെട്ട കീര്‍ത്തി വീണ്ടെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുമ്പോഴാണ് സംസ്കാരം നശിപ്പിക്കുന്ന ഇത്തരം ഷോകൾ സംപ്രേഷണം ചെയ്യുന്നതെന്നും എംഎൽഎ ആരോപിക്കുന്നു. ടിവിയിൽ സംപ്രേഷണം ചെയ്യുന്ന എല്ലാ പരിപാടികൾക്കും സെൻസറിങ് ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

‌കുട്ടികൾക്കുൾപ്പെടെ യാതൊരു നിയന്ത്രണവുമില്ലാതെ ഇത്തരം പരിപാടികൾ കാണാൻ കഴിയും. പോരാത്തതിന് എപ്പിസോഡുകള്‍ ഇന്റർനെറ്റിലും ലഭ്യമാണെന്നും എംഎൽഎ പറയുന്നു. ബ്രാഹ്മണ മഹാസഭയും റിയാലിറ്റി ഷോക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. എത്രയും പെട്ടെന്ന് ഷോ നിരോധിക്കണമെന്നാണ് ആവശ്യം. അതേസമയം ഷോ നിർത്താതെ ഇനി ആഹാരം കഴിക്കില്ലെന്ന് ഉത്തർ പ്രദേശ് നവ് നിർമാൺ സേന അധ്യക്ഷൻ അമിത് ജാനി പറഞ്ഞു.