ജീവനൊടുക്കിയാലേ നടപടിയെടുക്കൂ? ചിന്മയാനന്ദക്കെതിരെ കേസില്ല; രോഷത്തോടെ പെൺകുട്ടി

തന്റെ പരാതിയിൽ ബിജെപി നേതാവ് ചിന്മയാനന്ദക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാത്തതിൽ പ്രതിഷേധവുമായി നിയമ വിദ്യാർഥി. പതിനഞ്ച് ദിവസത്തോളം തന്റെ മൊഴിയെടുത്തിട്ടും ചിന്മയാനന്ദയെ അറസ്റ്റ് ചെയ്തില്ല. താൻ മരിച്ചാൽ മാത്രമെ അധികാരികൾ നടപടിയെടുക്കുകയുള്ളോ എന്നും പെൺകുട്ടി ചോദിക്കുന്നു. 

''പതിനഞ്ച് ദിവസത്തോളം അന്വേഷണ ഏജൻസികൾ എന്റെ മൊഴിയെടുത്തു. എന്നിട്ടും ചിന്മയാനന്ദയെ അറസ്റ്റ് ചെയ്തിട്ടില്ല. ചിന്മയാനന്ദയെ സംരക്ഷിക്കാനാ‍ണ് അന്വേഷണസംഘം ശ്രമിക്കുന്നത് എന്ന് തോന്നുന്നു. ചിലപ്പോൾ ഞാന്‍ ജീവനൊടുക്കുന്നതിന് കാത്തിരിക്കുകയാകും സർക്കാർ. അപ്പോൾ മാത്രമെ അവർ നടപടി എടുക്കുകയുള്ളൂ എന്നാണോ? ഞാൻ ആത്മഹത്യ ചെയ്താൽ മാത്രമേ എന്നെ വിശ്വസിക്കുള്ളോ?''- പെൺകുട്ടി ചോദിക്കുന്നു. 

ചിന്മയാനന്ദക്കെതിരായ പീഡനപരാതിയിൽ തെളിവായി 43 വിഡിയോകളടങ്ങിയ പെൻഡ്രൈവ് പെൺകുട്ടി കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. ഹോസ്റ്റലിൽ നിന്നുള്ള സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടിത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ പരാതി. പീഡനദൃശ്യങ്ങളും പകർത്തിയ ചിന്മയാനന്ദ അതുപയോഗിച്ചും ഭീഷണിപ്പെടുത്തി. പരാതി നൽകി ഇത്ര നാളായിട്ടും ചിന്മയാനന്ദക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് തയ്യാറായിട്ടില്ല.