പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ വീണ്ടും ലേലത്തിന്; തുക 'നമാമി ഗംഗ'യ്ക്ക്

ഗംഗാനദിയുടെ പുനരുജ്ജീവനത്തിനുള്ള തുക കണ്ടെത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് വച്ച് കേന്ദ്രസര്‍ക്കാര്‍. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയിലും വിദേശയാത്രകള്‍ക്കിടയിലും ലഭിച്ച 2,722 വസ്തുക്കളാണ് ലേലത്തിലുള്ളത്.  

പട്ടുനൂലില്‍ നെയ്തെടുത്തടക്കം പ്രധാനമന്ത്രിയുടെ മുപ്പത്തിയഞ്ച് ചിത്രങ്ങള്‍, വിവിധ യാത്രകളില്‍ നിന്ന് ലഭിച്ച 576 പൊന്നാടകള്‍, 964 അംഗവസ്ത്രങ്ങള്‍ തുടങ്ങി ഒരു കോടിക്കടുത്ത് വില വരുന്ന വസ്തുക്കളാണ് ലേലത്തിലുള്ളത്. കേരളത്തിന്റെ സ്വന്തം ആറന്മുള കണ്ണാടിയും പ്രദര്‍ശനത്തിലുണ്ട്. ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ കിട്ടിയിട്ടുള്ളത് അസമില്‍ നിന്നാണ്. ഇരുന്നൂറ് മുതല്‍ രണ്ടര ലക്ഷം രൂപ വരെയാണ് വില. 

കഴിഞ്ഞ ആറ് മാസത്തിനിടെ ലഭിച്ച മുഴുവന്‍ സമ്മാനങ്ങളും പ്രദര്‍ശനത്തില്‍ ഇടം പിടിച്ചു. ഓണ്‍ലൈന്‍ ലേലത്തിലൂടെയാണ് ഇവ വിറ്റഴിക്കുക. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക കേന്ദ്രസര്‍ക്കാരിന്റെ നമാമി ഗംഗ പദ്ധതിക്കായി ഉപയോഗിക്കും.