ഭാഷയുടെ ശക്തി ഐക്യത്തിനാകണം; ചിലര്‍ ഭിന്നിപ്പിന് ശ്രമിക്കുന്നു: പ്രധാനമന്ത്രി

പുതിയ ഇന്ത്യയെക്കുറിച്ചുള്ള ചിന്തകളും ആലോചനകളും പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പങ്കാളിത്ത ജനാധിപത്യമാണ് പുതിയ ഇന്ത്യ മുന്നോട്ട് വയ്ക്കുന്നത്. ഉത്തരവാദിത്തമുള്ള ജനങ്ങളും സര്‍ക്കാരുമാണ് പുതിയ ഇന്ത്യയുടെ മുഖം. വ്യക്തികളും പ്രസ്ഥാനങ്ങളും തമ്മിലുള്ള സംവാദവും വിമര്‍ശനവും അനിവാര്യമെന്ന് മനോരമ ന്യൂസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ഭാഷയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഭാഷയുടെ ശക്തി ഉപയോഗിക്കേണ്ടത് ഐക്യത്തിനുവേണ്ടിയാകണം. അതിന് മാധ്യമങ്ങള്‍ മുന്‍കൈയെടുക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്ത് സംവാദം അനിവാര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വ്യക്തികളും പ്രസ്ഥാനങ്ങളും തമ്മിലുള്ള സംവാദം അനിവാര്യമാണ്. ക്രിയാത്മക വിമര്‍ശനങ്ങളാണ് ഉണ്ടാവേണ്ടത്. ഡല്‍ഹിയില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദ്ദേഹം കോണ്‍ക്ലേവിന്‍റെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്‌‌തത്.

ഉദ്ഘാടന പ്രസംഗം തുടങ്ങിയത് മലയാളത്തില്‍ സംസാരിച്ചാണ്. 'എല്ലാവര്‍ക്കും നമസ്കാരം' എന്ന് പറഞ്ഞായിരുന്നു തുടക്കം. മൂന്ന് വാചകങ്ങള്‍ മലയാളത്തില്‍ പറഞ്ഞ് മോദി സദസിനെ കൈയിലെടുത്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്നാണ് കോൺക്ലേവ് സംഘടിപ്പിച്ചത്.

ഇന്ത്യയുടേത് പങ്കാളിത്ത ജനാധിപത്യം; പലയിടത്തും തിളങ്ങി യുവാക്കൾ

ഇന്ത്യ മുന്നോട്ട് വയ്ക്കുന്നത് പങ്കാളിത്ത ജനാധിപത്യമാണെന്ന് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കള്‍ പലയിടത്തും മികച്ച വേദികളുണ്ടാക്കുന്നത്. കായിക മേഖലയിലും സംരഭകമേഖലയിലും യുവാക്കള്‍ തിളങ്ങുന്നു. ഇന്ത്യ ഏറെ ബുദ്ധിമുട്ടിയിരുന്ന മേഖലകളാണിതെന്നും മോദി പറഞ്ഞു. കഴിവു തെളിയിക്കുന്നവര്‍ക്കുള്ളതാണ് പുതിയ ഇന്ത്യ.


ഭാഷയുടെ ശക്തി ഐക്യത്തിനു വേണ്ടിയാവണം; ചിലര്‍ ഭിന്നിപ്പിന് ശ്രമിക്കുന്നു

ഭാഷയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാഷയുടെ ശക്തി ഉപയോഗിക്കേണ്ടത് ഐക്യത്തിനുവേണ്ടിയാകണം. അതിന് മാധ്യമങ്ങള്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തികളും പ്രസ്ഥാനങ്ങളും തമ്മിലുള്ള സംവാദം അനിവാര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്രിയാത്മക വിമര്‍ശനങ്ങളാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണരൂപം

നമ്മൾ മാറ്റത്തിന് തയ്യാറാണെങ്കിലും അല്ലെങ്കിലും മുന്നോട്ട് പോയാലും ഇല്ലെങ്കിലും രാജ്യം അതിവേഗം മാറുകയാണ്. അതൊരു നല്ല കാര്യത്തിന് വേണ്ടിയാണ്. പുതിയ ഇന്ത്യ പങ്കാളിത്ത ജനാധിപത്യത്തിനും ജനങ്ങളില്‍ അധിഷ്ഠിതമായ സർക്കാരിനും വേണ്ടിയുള്ളതാണ്. 

പുതിയ ഇന്ത്യയുടെ ആത്മാവിനെ നമ്മൾ ഇന്ന് കാണുന്നുണ്ട്. സ്റ്റാർട്ടപ്പുകൾ തുടങ്ങി കായിക രംഗത്ത് വരെ ഇത് പ്രകടമാണ്. ഗ്രാമങ്ങളിലെ സാധാരണ കുടുംബങ്ങളിൽ നിന്നുള്ള യുവജനങ്ങളാണ് ഇന്ന് രാജ്യത്തിന്റെ മുൻനിരയിലേക്ക് എത്തുന്നത്. അവരാണ് രാജ്യത്തിന്റെ യശ്ശസ് ഉയർത്തിപ്പിടിക്കുന്നത്. സർനെയിമുകളുടെ കാലം കഴിഞ്ഞു. കഴിവ് കൊണ്ട് വളർന്നുവന്ന് സ്വന്തം പേര് കുറിക്കുന്നതിലാണ് കാര്യമെന്ന് യുവജനങ്ങൾ തെളിയിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട ചിലരുടെ മാത്രം ശബ്ദമല്ല പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഈ ശബ്ദം ജനങ്ങളിലെത്തിക്കുന്നതിന് മാധ്യമങ്ങൾ കുറേക്കൂടെ തയ്യാറാവണം. 

സ്വന്തം താത്പര്യത്തെക്കാൾ സമൂഹത്തിന്റെ താത്പര്യം നോക്കുന്നവരായി പുതിയ ഇന്ത്യയിലെ ജനങ്ങൾ മാറി. അതുകൊണ്ടാണ് മധ്യവർഗക്കാർ പാചക വാതക സബ്സിഡി ഉപേക്ഷിക്കുന്നതിന് തയ്യാറായത്. ഇന്ത്യയുടെ മാറ്റം നോക്കി നിന്ന് കാണുന്നതിനെക്കാൾ അതിന്റെ ഭാഗമാകാൻ എല്ലാവരും ശ്രമിക്കുന്നുണ്ട്. ജനങ്ങൾ രാജ്യം അഭിവൃദ്ധിപ്പെടണമെന്ന് ആഗ്രഹിക്കുന്നു. പ്ലാസ്റ്റികിന്റെ ഒറ്റത്തവണയായുള്ള ഉപയോഗം കുറയ്ക്കുക എന്ന തീരുമാനം എടുത്തത് രാജ്യത്തെ ജനങ്ങളാണ്. ഹരിയാന പോലൊരു സംസ്ഥാനത്ത് സർക്കാർ ഉദ്യോഗത്തിലേക്ക് ഉള്ള നിയമനം സുതാര്യമാകുമെന്ന് ആരും വിചാരിച്ചിട്ടില്ല. എന്നാൽ ഇന്ന് അവിടേക്ക് നോക്കൂ. റെയിൽവേസ്റ്റേഷനിലേക്ക് വൈഫൈ സംവിധാനം എത്തുമെന്ന് നിങ്ങള്‍ വിചാരിച്ചിരുന്നുവോ? സ്കൂളിൽ നിന്നും കോളെജിൽ നിന്നും ക്ലാസ് കഴിഞ്ഞാൽ കുട്ടികൾ റെയിൽവേ സ്റ്റേഷനിലേക്ക് എത്തി വൈഫൈ ഉപയോഗിക്കുന്നു. 

ഒറ്റയ്ക്കും കൂട്ടായും ഉള്ള പ്രയത്നമാണ് രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യം.  വൈദ്യുതീകരണം, വിദ്യാഭ്യാസം, റോഡ് നിർമ്മാണം, ഭവന നിർമ്മാണം തുടങ്ങി സമസ്ത മേഖലകളിലും സർക്കാരിന്റെ പ്രവർത്തനം ഹൃദയഹാരിയാണ്. 20 കോടി ലോൺ ചെറുകിടക്കാർക്ക് നൽകി. റോഡ് നിർമ്മാണം ഇരട്ടിയാക്കി. പാചക വാതക കണക്ഷനുകൾ ഗ്രാമങ്ങളിൽ എത്തിച്ചു. സർക്കാരും പുതിയ ഇന്ത്യയെ നിർമ്മിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലാണ്. ഒന്നരക്കോടി വീടുകളാണ് പാവങ്ങൾക്കായി സർക്കാർ നിർമ്മിക്കുന്നു. പലരും ചോദിക്കാറുണ്ട്, നിങ്ങൾ നടപ്പാക്കുന്നത് പഴയ സർക്കാരിന്റെ കാലത്തുള്ള പദ്ധതികൾ അല്ലേ എന്ന്. അവർക്ക് അങ്ങനെ ചോദിക്കാനുള്ള അവകാശം ഉണ്ട്. വെറുതേ വീടെന്ന പേരിൽ നാലു ചുവരുകൾ കൊണ്ട് ഒരു കെട്ടിടം തീർക്കുകയല്ല സർക്കാർ ചെയ്യുന്നത്. മറിച്ച് വിവിധ പദ്ധതികളെ സംയോജിപ്പിച്ച് വീടുകളിലേക്ക് എല്ലാ സംവിധാനവും ഒന്നിച്ച് എത്തിക്കുകയാണ്.  ഇതിലൂടെ സ്ത്രീകളുൾപ്പടെയുള്ളവര്‍ക്ക് പ്രാദേശികമായി തൊഴിൽ നൽകാൻ സാധിക്കുന്നുണ്ടെന്നത് അഭിമാനകരമായ നേട്ടമാണ്.

അഞ്ച് വർഷം മുൻപ് അഴിമതി ഇല്ലാതാക്കുവാൻ നമുക്ക് സാധിക്കുമോ? സ്വച്ഛഭാരത് വരുമോ എന്നൊക്കെ ജനങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ഇന്ന് ആളുകൾ നമുക്ക് സാധിക്കുമെന്നാണ് പറയുന്നത്. ശുഭാപ്തി വിശ്വാസമുള്ളവരായി ജനങ്ങൾ മാറി. 

രാജ്യത്തിലുള്ളവരുടെ മാത്രമല്ല, പ്രവാസികളുടെ കൂടി ക്ഷേമം നോക്കുന്ന സർക്കാരാണിത്. അവർ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കായി സംഭാവന ചെയ്യുന്നവരാണ്. തെക്കേയിന്ത്യയിൽ നിന്നാണ് ധാരളം പ്രവാസികളുള്ളത്. ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്രസർക്കാർ പ്രവർത്തിച്ചത് എല്ലാവർക്കും അറിയാവുന്നതാണ്. അടുത്തയിടെ ബഹ്റൈൻ സന്ദർശിച്ചിരുന്നു. ഇത്രയധികം ഇന്ത്യക്കാർ ജീവിച്ചിട്ടും ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോലും അവിടെ സന്ദർശിച്ചിരുന്നില്ല.ഇന്ത്യയോട് അടുത്ത ബന്ധം എക്കാലവും പുലർത്തിയിരുന്ന രാജ്യം കൂടിയാണ് ബഹ്റൈന്‍ എന്നോർക്കണം.  സന്ദർശനത്തിന്റെ ഫലമായി തടവിലായിരുന്ന 250 ഇന്ത്യാക്കാരെ വിട്ടയക്കാൻ രാജകുടുംബം തീരുമാനിച്ചു. ഒമാനിൽ നിന്നും സൗദിയിൽ നിന്നും ഇത്തരത്തിൽ ഇന്ത്യാക്കാരെ മോചിപ്പിക്കുവാൻ കഴിഞ്ഞുവെന്നതും ഓർക്കേണ്ടതാണ്. ഗൾഫിൽ പുറത്തിറക്കിയ റുപേ കാർഡ് ലക്ഷക്കണക്കിന് ഇന്ത്യാക്കാർക്ക് പ്രയോജനം ചെയ്യും. സഹകരണം പുതിയ തലങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നുവെന്നതിലും ചാരിതാർഥ്യമാണ് ഉള്ളത്.

ഭാഷ അതി ശക്തമായ ആയുധമാണ്. പക്ഷേ അത് കൃത്രിമ മതിലുകൾ ഉണ്ടാക്കി രാജ്യത്തെ വിഭജിക്കുന്നതിനായി ചില സ്വാർഥ താത്പര്യക്കാർ ഉപയോഗപ്പെടുത്തുന്നു. എന്തുകൊണ്ട് മാധ്യമങ്ങൾക്ക് ഭാഷയുടെ ശക്തിയെ പ്രയോജനപ്പെടുത്തിക്കൂട?  ഒരു ദിവസം മറ്റൊരു ഭാഷയിലെ ഒരു വാക്കെന്ന നിലയിൽ പത്തോ പന്ത്രണ്ടോ സംസ്ഥാനങ്ങളിലെ വാക്കുകൾ പ്രചരിപ്പിക്കൂ, ഒരു വർഷം കൊണ്ട് വിവിധ സംസ്ഥാനങ്ങളിലെ 300 വാക്കുകളെങ്കിലും ജനങ്ങൾക്ക്  മനസിലാക്കാം. ഇതിലൂടെ വിവിധ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾക്ക് കുറേക്കൂടി ഒന്നിച്ച് നിൽക്കാൻ കഴിയും. ഈ 21ആം നൂറ്റാണ്ടിൽ നമ്മുടെ പൂർവികൾ സ്വപ്നം കണ്ട രാജ്യത്തിലേക്ക് എത്താൻ നമുക്ക് സാധിക്കണം. ഒന്നിച്ച് നിന്ന് ഈ ലക്ഷ്യത്തിലേക്ക് നമുക്ക് എത്തിച്ചേരാം.