ന്യൂജെൻ സിനിമ; മാറിയ കാലം: പറയാനുള്ളത്

ഓരോ കാലഘട്ടത്തിനെയും അടയാളപ്പെടുത്തുന്നതാകും സിനിമയെന്ന് സംവിധായകന്‍ ആഷിക് അബു. 'ഇന്നത്തെ സിനിമയിലെ സീനുകളും ഡയലോഗുകളുമൊക്കെ കാലികമായ മാറ്റത്തോട് കൂടിയുള്ളതാണ്. ഇത് ന്യൂ ജനറേഷന്‍ എന്ന വാക്കിന്‍റെ പ്രശ്നമാണ്. സിനിമ ചെയ്യുന്ന ആളുടെ പ്രായവും വിഷയമാണ്. മുന്‍പും ഇതേ വിഷയങ്ങള്‍ ചർച്ച ചെയ്തിട്ടുള്ള സിനിമകളുണ്ടായിട്ടുണ്ട്. പക്ഷേ ഇന്നത്തെ സിനിമയില്‍ കാലാന്തരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു. മായാനദി പോലെയുള്ള സിനിമകളില്‍ അതാണ് പ്രകടമാണ്. 'സെക്സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന ഡയലോഗ് ഈ കാലഘട്ടത്തിലെ നായിക പറയേണ്ടത് തന്നെയാണ്.

ഡിജിറ്റല്‍ മേഖലയില്‍ വലിയ തരത്തിലുള്ള സെന്‍സറിങ് നടക്കുന്നില്ല. വെബ് സീരീസുകളൊക്കെ മലയാളത്തില്‍ തുടങ്ങി വരുന്നതേ ഉള്ളു. സിനിമ പ്രദര്‍ശന ശാലയിലും ഡിജിറ്റല്‍ എന്നത് മൊബൈല്‍ ഫോണ്‍ പോലുള്ള സ്വകാര്യമായ ഇടത്തിലുമാണ് എത്തിപ്പെടുന്നത്. അതാകും സിനിമയ്ക്ക് ഇത്ര കര്‍ശനമായ സെന്‍സറിങ് ഉള്ളത്.

മുന്‍പും ഓരോ സിനിമകളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷേ ഇന്‍റര്‍നെറ്റിന്‍റെ വരവോട് കൂടിയാണ് ഇന്നുള്ള പോലെയുള്ള ഓഡിറ്റിങ് നടക്കുന്നത്. അങ്ങനെയാണ് സ്ത്രീവിരുദ്ധത, ദലിത് വിരുദ്ധത, ഇസ്ലാമോഫോബിയ എന്നീ വാക്കുകളൊക്കെ സിനിമയെ ചേര്‍ത്ത് വരുന്നത്. സിനിമയെടുക്കാന്‍ ആരുടെയും ലൈസന്‍സ് എനിക്ക് വേണ്ട. ഞാന്‍ അത് ആരോടും ചോദിക്കുന്നുമില്ല. ചുംബിക്കുന്നത് കണ്ടാല്‍ പ്രശ്നമാണ് എന്നാല്‍ 10 പേരെ കൊല്ലുന്നത് കണ്ടാല്‍ പ്രശ്നമല്ല. അതാണ് സമൂഹത്തിന്‍റെ കാഴ്ചപ്പാട്– ആഷിക്ക് പറഞ്ഞു.

സിനിമയ്ക്ക് എല്ലാക്കാലങ്ങളിലും സാങ്കേതിക വിദ്യകള്‍ സഹായിച്ചിട്ടേ ഉള്ളു. അത് കലാകാരന്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. സിനിമയില്‍ സ്റ്റാര്‍ പവറിന് സാധാരണ പ്രേക്ഷകന്‍ വലിയ വിലയാണ് നല്‍കുന്നത്. പുലിമുരുകന്‍ എന്ന സിനിമ മോഹന്‍ലാല്‍ ചെയ്തത് കൊണ്ടാണ് ആളുകള്‍ കണ്ടത്. ന്യൂ ജന്‍ സിനിമ എന്നതിന് അപ്പുറം നല്ല സിനിമയും മോശം സിനിമയും എന്ന വേര്‍തിരിവാണ് ഉള്ളത്'. ആഷിക് പറയുന്നു. വിഡിയോ ചര്‍ച്ച കാണാം.