‘ആരുടെ മകനെങ്കിലും ശരി; മര്യാദയ്ക്ക് പെരുമാറണം’; പൊട്ടിത്തെറിച്ച് മോദി

ആരുടെ മകനായാലും ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാർ ജീവനക്കാരനെ ബാറ്റിനടിച്ച പാർട്ടി നേതാവിന്റെ മകനെ പരാമർശിച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങൾ ഇതിനായല്ല പാർട്ടിക്ക് വോട്ട് ചെയ്തതെന്നും മാന്യമായ പെരുമാറ്റം പാർട്ടി നേതാക്കളില്‍ നിന്നും മക്കളിൽ നിന്നും താൻ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞു.

ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവാർഗിയയുടെ മകൻ ആകാഷ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റിനടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. പൊലീസ് നോക്കി നിൽക്കെയായിരുന്നു സർക്കാർ ഉദ്യോഗസ്ഥന് മർദ്ദനമേറ്റത്. ഇൻഡോറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ ആകാഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഉദ്യോഗസ്ഥരെ നിർദാക്ഷിണ്യം മർദ്ദിക്കുകയായിരുന്നു.

ആ ദൃശ്യങ്ങൾ താനും കണ്ടുവെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞതായി ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി മാധ്യമങ്ങളോട് വെളിപ്പെടുത്തി. പാർട്ടിയെ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും അംഗീകരിക്കാനാവാത്ത നടപടിയാണിതെന്നും പ്രധാനമന്ത്രി പാർട്ടി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആകാശിനെയും ജയിലിൽ നിന്നിറങ്ങിയപ്പോൾ ആകാശിന് സ്വീകരണം ഒരുക്കിയവരെയും വിശദീകരണം ചോദിക്കാതെ പാർട്ടിയിൽ നിന്ന് പുറത്താക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.