പ്രധാനമന്ത്രിയാകാനുള്ള പടയോട്ടത്തിൽ രാഹുൽ മാത്രമല്ല : തേജസ്വി യാദവ്

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാത്രമല്ല പ്രതിപക്ഷത്തു നിന്നും മറ്റ് പലരുമുണ്ട് പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകാൻ യോഗ്യതയുള്ളവരെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചിരുന്ന് സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്നും തേജസ്വി പട്നയിൽ പറഞ്ഞു.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവരെല്ലാം പ്രതിപക്ഷ നിരയിലുള്ള നേതാക്കളാണ്. പ്രതിപക്ഷ സഖ്യം നിർദേശിക്കുന്ന പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരായാലും ആർജെ‍‍‍‍ഡി പിന്തുണയ്ക്കും. പ്രധാനമന്ത്രി പദത്തെക്കാൾ വലിയ വിഷയങ്ങൾ വേറെയുണ്ടെന്നും തേജസ്വി വ്യക്തമാക്കി.

ഭരണഘടന സംരക്ഷിക്കുന്ന ഒരു നേതാവായിരിക്കണം ആ സ്ഥാനത്ത് എത്താൻ. രാഹുൽ ചിലപ്പോൾ അങ്ങനെയൊരു നേതാവായിരിക്കാം. ബിജെപി വിരുദ്ധ കക്ഷികളെയെല്ലാം കൂട്ടി ഒരു വിശാല സഖ്യമായി രാഹുൽ വളർത്തിയെടുക്കണം. കോൺഗ്രസിന് ഇന്ത്യ മുഴുവൻ വേരോട്ടമുള്ളതിനാൽ അതാകുമെന്നാണ് വിശ്വാസമെന്നും തേജസ്വി വ്യക്തമാക്കി.