മോദി കരുത്തനായ നേതാവെന്ന് ബ്രിട്ടീഷ് ഹെറാള്‍ഡ്; വോട്ടെടുപ്പിന് പിന്നിൽ മലയാളി: റിപ്പോര്‍ട്ട്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തെ ഏറ്റവും കരുത്തനായ നേതാവായി പ്രഖ്യാപിച്ച് ‘ബ്രിട്ടീഷ് ഹെറാൾഡ്’ എന്ന വെബ്‌സൈറ്റ്.  ഇവർ വായനക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ഈ വാർത്ത ഇന്ത്യയിലെ സോഷ്യൽ ലോകം വ്യാപകമായി പങ്കുവയ്ക്കുന്നു. പല ദേശീയ മാധ്യമങ്ങളും ഇത് വലിയ വാർത്തയായി പുറത്തു വിട്ടിട്ടുമുണ്ട്. യുകെ ആസ്ഥാനമായ ഈ വെബ്സൈറ്റിന്റെ ഉടമ മലയാളിയാണെന്നാണ് വിക്കിപീഡിയ വിവരം. സ്ക്രോൾ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ പറയുന്നത് കൊച്ചി സ്വദേശിയായ അൻസിഫ് അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള വൈബ്സൈറ്റ് ആണിത് എന്നാണ്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ കേന്ദ്രമന്ത്രിമാര്‍ അടക്കം ഷെയര്‍ ചെയ്തതോടെയാണ് വിവരങ്ങള്‍ പുറത്താകുന്നത്. 

സീ ന്യൂസ് ബ്രിട്ടീഷ് ഹെറാൾഡിനെ പ്രമുഖ ബ്രിട്ടീഷ് മാസിക എന്നാണ് വിശേഷിപ്പിച്ചത്. സീ ന്യൂസ് റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ: 'നരേന്ദ്ര മോദി ആഗോള നേതാവാണ് എന്നതിന് ഇതാ മറ്റൊരു തെളിവുകൂടി. പ്രമുഖ ബ്രിട്ടീഷ് മാസിക നടത്തിയ ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ് ആര് എന്ന വായനക്കാരുടെ അഭിപ്രായ സർവെയിൽ നരേന്ദ്രമോദി വിജയിച്ചിരിക്കുന്നു.' ഈ വോട്ടെടുപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആൾട്ട് ന്യൂസ് പുറത്തു വിട്ടത് ഇങ്ങനെ: 'യുകെയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹെറാൾഡ് മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡ് കമ്പനിയാണ് വെബ്‌സൈറ്റ് ഉടമ. ഇന്ത്യൻ പൗരനായ അൻസിഫ് അഷ്‌റഫാണ് 2018 ഏപ്രിലിൽ കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നത്. 85 ശതമാനം ഓഹരികളും അഷ്‌റഫിന്റെ കൈവശമുണ്ട്, ബാക്കിയുള്ളവ മറ്റ് നാല് ഓഹരിയുടമകളുടെ ഉടമസ്ഥതയിലാണ്. അഷ്‌റഫിനെ കൂടാതെ കമ്പനിക്ക് മറ്റൊരു ഡയറക്ടറായി അഹമ്മദ് ഷംസീർ കോലിയാദ് ഷംസുദ്ദീൻ ഉണ്ട്. കൊച്ചി ഹെറാൾഡിന്റെ പത്രാധിപരായ ബ്രിട്ടീഷ് ഹെറാൾഡിന്റെ ഉടമയായ കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ വ്യവസായി എന്നാണ് അൻസിഫ് അഷ്‌റഫിന്റെ വിക്കിപീഡിയ പേജിലെ വിവരം'. 

അന്‍സിഫ് അഷ്റഫ് മലയാളത്തില്‍ അടക്കം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. വ്യാപാരത്തിന്റെ പുതിയ നടപ്പുകള്‍ എന്ന അദ്ദേഹത്തിന്റെ പുസ്തകം മുന്‍ മന്ത്രി കെ.ബാബുവാണ് കൊച്ചിയില്‍ പ്രകാശനം ചെയ്തത്. ബിസിനസ് പുരസ്കാരം കെ.എം.മാണിയില്‍ നിന്ന് സ്വീകരിക്കുന്ന ചിത്രവും വെബ്സൈറ്റിലുണ്ട്. 

www.britishherald.com എന്ന വെബ്സൈറ്റ് അവരെ സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെ: 'ഓൺലൈൻ വാർത്ത–വിവര വിതരണത്തിൽ ലോകത്തെ നേതാവ്'. ബാനറിൽ റോയിട്ടേഴ്സ് വഴി ( via reuters) എന്ന് പരാമർശിക്കുകയും ചെയ്യുന്നു. ബ്രിട്ടീഷ് ഹെറാൾഡിന് ആഗോള അലക്സാ വെബ് ട്രാഫിക് റാങ്ക് 28,518 ആണ്. ട്വിറ്റർ അക്കൗണ്ടിൽ 4,000 ൽ താഴെ ഫോളോവേഴ്‌സ് ആണ് ഉള്ളത്. ഫ‌െയ്സ്ബുക്ക് പേജിൽ 57,000 ഫോളോവേഴ്‌സ് മാത്രം. ബ്രിട്ടീഷ് വെബ്‌സൈറ്റ് ആഗോളതലത്തിൽ നടത്തിയ വോട്ടെടുപ്പിൽ പ്രധാനമന്ത്രി മോദി വിജയിച്ച വാർത്ത ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണവും പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ പ്രസിദ്ധീകരണങ്ങൾ മാത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് ഹെറാൾഡിന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രഖ്യാപിച്ച വോട്ടെടുപ്പിന്റെ ഫലങ്ങൾ പോലും 150 പേർ മാത്രമാണ് ഷെയർ ചെയ്തിരിക്കുന്നത്.

ഫലം പങ്കിട്ട് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കുറിച്ചിരിക്കുന്നത് ഇങ്ങനെ: ' നമ്മുടെ രാജ്യത്തിന്റെ പരമോന്നത നേതാവ് ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനാകുമ്പോൾ ഇത് അഭിമാനകരമാണ്'. വോട്ടെടുപ്പിൽ മോദിയുടെ വിജയം 130 കോടി ഇന്ത്യക്കാർക്ക് അഭിമാനവും ബഹുമാനവുമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹർഷ വർധൻ പറഞ്ഞു.