ചന്ദ്രയാന്‍ ദൗത്യം പരാജയമല്ല; അവസാന മിനിറ്റുകളിലെ വിവരങ്ങള്‍ പഠിക്കണം; രാകേഷ് ശര്‍മ

ചന്ദ്രയാന്‍ ദൗത്യം പരാജയമല്ലെന്ന് ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ. ലാന്‍ഡറിന്‍റെ അവസാന മിനിറ്റുകളിലെ വിവരങ്ങള്‍ വിശകലനം ചെയ്യുകയാണ് ഇപ്പോള്‍വേണ്ടത്.  സുരക്ഷിതമായ സാങ്കേതിക വിദ്യ ഉറപ്പാക്കിയശേഷം മനുഷ്യനെ ബഹിരാകാശത്തിലെത്തിക്കാന്‍  ഐ.എസ്.ആര്‍.ഒക്ക് കഴിയുമെന്ന് രാകേഷ് ശര്‍മ തിരുവനന്തപുരത്ത് പറഞ്ഞു. 

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്ക് എത്തുന്നതിന് മുന്‍പുള്ള നിമിഷങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും വിശദമായി പഠിക്കണമെന്ന് ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ പറഞ്ഞു. ഇതില്‍ നിന്ന്  പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഐ.എസ്.ആര്‍.ഒക്ക് മുന്നോട്ട് പോകാനാവും. 

മനുഷ്യനെ ബഹിരാകശത്തെത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതി സുരക്ഷിതവും ചെലവുകുറഞ്ഞതുമായ സാങ്കേതിക വിദ്യയെ ആശ്രയിച്ചിരിക്കുന്നു. പുനരുപയോഗിക്കാവുന്ന പേടകങ്ങളാണ് വേണ്ടത്. ബഹിരാകാശ ശാസ്ത്രത്തിന്‍റെ വാണിജ്യ ഉപയോഗവും ഐ.എസ്.ആര്‍.ഒ പരിഗണിക്കണം. രാജ്യാന്തര സ്്പേസ് നയത്തെ സ്വാധീനിക്കാന്‍കഴിയും വിധം ഇന്ത്യ ഈ രംഗത്ത് മുന്നോട്ട് പോയിട്ടുണ്ടെന്നും Indian Institute of Space science and Technology യിലെ വിദ്യാര്‍ഥികളോട് സംസാരിക്കുമ്പോള്‍ രാകേഷ് ശര്‍മ പറഞ്ഞു.