ഇന്ത്യയിൽ രാഷ്ട്രീയ അഭയം അഭ്യർഥിച്ചു; പാക് നേതാവിന് വധഭീഷണി

ഇന്ത്യയിൽ രാഷ്ട്രീയ അഭയം വേണമെന്ന് അഭ്യർഥിച്ച പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാവ് ബൽദേവ് കുമാറിന് വധഭീഷണി. അതിർത്തി പ്രദേശങ്ങളിൽ നിന്നും ഒന്നിലധികം തവണ വധഭീഷണിയുണ്ടായതായി ബൽദേവ് കുമാർ പറയുന്നു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുൻ അനുയായി ആയിരുന്നു ബല്‍ദേവ്. 

പാക്കിസ്ഥാനിൽ മുസ്‍ലിംകൾ ഉൾപ്പെടെയുള്ളവർ നേരിടുന്നത് കൊടിയ പീഡനമാണെന്ന കാരണം മുൻനിർത്തിയാണ് ബൽദേവും കുടുംബവും ഇന്ത്യയിൽ അഭയം തേടണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. പാക്കിസ്ഥാനിലെ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇന്ത്യയിലേക്ക് വരാൻ സാധിക്കുന്ന ഒരു പാക്കേജ് ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിക്കണമെന്നും മോദി സാഹിബ് എന്തെങ്കിലും ചെയ്യണമെന്നും ബല്‍ദേവ് കുമാർ ആവശ്യപ്പെട്ടിരുന്നു. 

2016ൽ തെഹ്‌രികെ ഇൻസാഫ് പാർട്ടി എംപിയായിരുന്ന സോരൻ സിങ് കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ബൽദേവ് എംപി സ്ഥാനത്തെത്തിയത്. എന്നാൽ ബല്‍ദേവിന്റെ എംപി സ്ഥാനത്തിന് വെറും 36 മണിക്കൂർ മാത്രമെ ആയുസ്സുണ്ടായിരുന്നുള്ളൂ. സോരന്‍ സിങ്ങിനെ കൊലപ്പെടുത്തിയത് ബൽദേവ് ആണെന്ന കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെ ബല്‍ദേവിന് രാജിവെക്കേണ്ടി വന്നു. രണ്ടുവർഷത്തെ ജയിൽ ശിക്ഷക്ക് ശേഷം 2018ൺ ബൽദേവ് മോചിതനായി. 

കേസിന്റെ വിചാരണക്കിടെ സിഖ് വിഭാഗത്തിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ബൽദേവിന് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെയാണ് ബൽദേവ് ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടാൻ തീരുമാനിച്ചത്.