വർധിത വീര്യവുമായി അഭിനന്ദൻ ആകാശപ്പോരാട്ടത്തിന് തിരികെയെത്തി

ഇന്ത്യയുടെ യുദ്ധവീരന്‍ പോരാട്ടങ്ങളുടെ ആകാശത്തിലേയ്ക്ക് മടങ്ങിയെത്തി. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയ്ക്കൊപ്പം പോര്‍ വിമാനം പറത്തി. മിഗ് 21 വിമാനമാണ് ഇരുവരും ചേര്‍ന്ന് പറത്തിയത്. 

വര്‍ധിത വീര്യവുമായി അഭിനന്ദന്‍ മടങ്ങിയെത്തി. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം. വ്യോമസേനയുടെ ഏറെ ആഘോഷിക്കപ്പെട്ട, ആദരം നേടിയ വൈമാനികരില്‍ ഒരാള്‍. തിരിച്ചു വരവില്‍ കോക് പിറ്റില്‍ കൂടെ വ്യോമസേന മേധാവിയും.

പഠാന്‍കോട്ട് വ്യോമത്താവളത്തില്‍ നിന്നാണ് അഭിനന്ദന്‍ വര്‍ദ്ധമാനും ബി.എസ് ധനോവയും മിഗ് 21 പറത്തിയത്. ഫെബ്രുവരി 27ന് പാക്കിസ്ഥാന്‍റെ എഫ് 16 വിമാനം ആകാശപ്പോരാട്ടത്തില്‍ അഭിനന്ദന്‍ തകര്‍ത്തിരുന്നു. തന്‍റെ വിമാനം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് പാക്കിസ്ഥാന്‍റെ പിടിയിലായ അഭിനന്ദനെ രാജ്യാന്തരസമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയ്ക്ക് വിട്ടുകിട്ടിയത്. പറക്കലിന് പൂര്‍ണമായും സജ്ജമാകാനും തയ്യാറെടുപ്പുകളിലായിരുന്നു അഭിനന്ദന്‍. രാജ്യം അഭിനന്ദന് വീരചക്ര നല്‍കി ആദരിച്ചിട്ടുണ്ട്.