‘ആയുധം ദീപാവലി ആഘോഷിക്കാനല്ല’; പാക്കിസ്ഥാനെ വിറപ്പിച്ച താക്കീത്; പിന്നാലെ മോചനം

പാക്ക് സൈന്യത്തിന്റെ പിടിയിലായ വ്യോമസേനാ വിങ്‌ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തിനായി ഇന്ത്യൻ ഭരണകൂടം നടത്തിയത് ശക്തമായ ഇടപെടലായിരുന്നു. പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ 2019 ഫെബ്രുവരി 26 നാണ് ഇന്ത്യ ബാലാക്കോട്ട് ഭീകരക്യാംപ് ആക്രമിച്ചത്. 27നു പോർവിമാനം പാക്ക് മേഖലയിൽ തകർന്നുവീണ് അഭിനന്ദൻ വർധമാൻ അബദ്ധത്തിൽ പാക്ക് സൈന്യത്തിന്റെ തടവിലായി. 

അഭിനന്ദന്റെ മോചനത്തിനായി പലതലത്തിലുമുള്ള ചർച്ചകൾ നടന്നു. ലോകരാഷ്ട്രങ്ങളും പാക്കിസ്ഥാനെതിരായ നിലപാടെടുത്തു. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി റോ തലവൻ അനിൽ ദസാനയുടെ ശക്തമായ താക്കീതാണ് പാക്കിസ്ഥാനെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമായിരുന്നു അനിൽ ദസാന പാക്‌ ചാരസംഘടന ഐ.എസ്‌.ഐ. മേധാവിയെ നേരിട്ട് വിളിച്ചത്. ഒരു അസാധാരണ ഫോൺ കോളായിരുന്നു ഇത്. വില പേശൽ വേണ്ടെന്നും അഭിനന്ദനെ മോചിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും റോ തലവൻ ശക്തമായ ഭാഷയിൽ പറഞ്ഞു. ഇന്ത്യയുടെ കൈവശമുള്ള ആയുധങ്ങൾ ദീപാവലിക്ക് ആഘോഷിക്കാനല്ലെന്നും ഐ.എസ്‌.ഐ. മേധാവി ജനറല്‍ സയ്‌ദ്‌ അസീം മുനീര്‍ അഹമ്മദ്‌ ഷായോടു പറഞ്ഞു. 

തൊട്ടു പിന്നാലെ രാജസ്‌ഥാന്‍ മേഖലയില്‍ പ്രിഥ്വി ബാലിസ്‌റ്റിക്‌ മിെസെലുകള്‍ സജ്‌ജമാക്കി നിര്‍ത്തുകയും ചെയ്‌തു. ഇന്ത്യ ആക്രമിക്കാനുള്ള സാധ്യത മുന്നിൽ കണ്ടതോടെ അഭിനന്ദിനെ മോചിപ്പിക്കാനുള്ള നടപടികൾ പാക് പ്രധാനമന്ത്രി വേഗത്തിലാക്കുകയും ചെയ്തു. മാർച്ച് ഒന്നിനു ഇന്ത്യ കാത്തിരുന്ന നിമിഷം എത്തി. അഭിനന്ദൻ വർധമാൻ മോചിതനായി.